അടിമാലി ടൗണിലെ സീബ്രാ ലൈനുകള്‍ മാഞ്ഞു: ദുരിതത്തില്‍ കാല്‍നടയാത്രികര്‍
അടിമാലി ടൗണിലെ സീബ്രാ ലൈനുകള്‍ മാഞ്ഞു: ദുരിതത്തില്‍ കാല്‍നടയാത്രികര്‍
ഇടുക്കി: അടിമാലി ടൗണിലൂടെ കടന്നുപോകുന്ന ദേശീയപാതകളിലെ സീബ്രാ ലൈനുകള്‍ മാഞ്ഞത് കാല്‍നടയാത്രികരെ വലക്കുന്നു. ഗവ. ഹൈസ്‌ക്കൂള്‍ പരിസരം, സെന്റര്‍ ജങ്ഷന്‍, ബസ് സ്റ്റാന്‍ഡ് ജങ്ഷന്‍, താലൂക്ക് ആശുപത്രി ജങ്ഷന്‍, അപ്സരകുന്ന് കവല എന്നിവിടങ്ങളിലായിരുന്നു സീബ്രാലൈനുകള്‍ ഉണ്ടായിരുന്നത്. ദിനം പ്രതി ആയിരത്തിലേറെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്ന ടൗണില്‍ സീബ്രാലൈനുകള്‍ പൂര്‍ണമായി മാഞ്ഞുപോയത് കാല്‍നടയാത്രികര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഏറ്റവും തിരക്കേറിയ സെന്റര്‍ ജങ്ഷനില്‍നിന്ന് താലൂക്ക് ആശുപത്രിയിലേക്കെത്താന്‍ റോഡ് മുറിച്ചുകടക്കണമെങ്കില്‍ രോഗികള്‍ ഒരുപാട് നേരം നോക്കിനില്‍ക്കണം. മുന്‍കാലങ്ങളെ അപേക്ഷിച്ച് അടിമാലി ടൗണിലെത്തുന്ന വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. സീബ്രാലൈനുകള്‍ മാഞ്ഞതോടെ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്ന കാല്‍നടയാത്രക്കാരെ വാഹന മോടിക്കുന്നവര്‍ ഗൗനിക്കാറേയില്ലായെന്നും യാഥാര്‍ഥ്യമാണ്. വിദ്യാര്‍ഥികളും പ്രായമായവരും പാത മുറിച്ച് കടക്കുമ്പോള്‍ പലപ്പോഴും തലനാരിഴക്കാണ് അപകടം ഒഴിവായി പോകുന്നത്. രാവിലെയും വൈകിട്ടും റോഡ് മുറിച്ചുകടക്കാന്‍ ട്രാഫിക് പൊലീസിന്റെ സഹായം ലഭിക്കുന്നുണ്ടെങ്കിലും ശേഷിക്കുന്ന സമയങ്ങളില്‍ കടക്കണമെങ്കില്‍ യാത്രക്കാര്‍ തന്നെ ശ്രമിക്കണം. ഇതിന് പരിഹാരമായി മാഞ്ഞുപോയ സീബ്രാ ലൈനുകള്‍ വരയ്ക്കണമെന്നാണ് ആവശ്യം.
What's Your Reaction?