കട്ടപ്പന ബോംബെ ഗാര്‍മെന്റ്‌സ്- പ്രിന്‍കോസ്പ്പടി റോഡ് കോണ്‍ക്രീറ്റിങ് ആരംഭിച്ചു
കട്ടപ്പന ബോംബെ ഗാര്‍മെന്റ്‌സ്- പ്രിന്‍കോസ്പ്പടി റോഡ് കോണ്‍ക്രീറ്റിങ് ആരംഭിച്ചു
ഇടുക്കി: കട്ടപ്പന ബോംബെ ഗാര്‍മെന്റ്‌സ്- പ്രിന്‍കോസ്പ്പടി റോഡില്‍ കോണ്‍ക്രീറ്റ് ജോലികള്‍ ആരംഭിച്ചു. ഇടുക്കിക്കവല ബൈപ്പാസ് റോഡിലേയ്‌ക്കെത്തുന്ന ഈ പാത വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന റോഡ് ഗതാഗത യോഗ്യമാക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നഗരസഭയുടെ നേതൃത്വത്തിലാണ് കോണ്‍ക്രീറ്റ് ജോലികള്‍ ആരംഭിച്ചത്. റോഡിലെ ടാറിങ് തകര്‍ന്ന് രൂപപ്പെട്ട വലിയ കുഴികളില്‍ വാഹനങ്ങള്‍ കുടുങ്ങി അപകടം സംഭവിക്കുന്നത് പതിവായിരുന്നു. ദിവസേന ചെറുതും വലുതുമായ നൂറിലേറെ വാഹനങ്ങള്‍ സഞ്ചരിക്കുന്ന ലിങ്ക് റോഡില്‍ വാഹങ്ങങ്ങള്‍ അകപ്പെടുന്നതോടെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടിരുന്നു. വീതി കുറഞ്ഞ കുത്തിറക്കമുള്ള പാതയാണിത്. ഒരേസമയം ഇരുവശങ്ങളിലേക്കും വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. ഇതിനൊപ്പം റോഡിലെ ടാറിങ് തകരുക കൂടി ചെയ്തതോടെ യാത്രാദുരിതം ഇരട്ടിയായി മാറിയിരുന്നു. റോഡ് കോണ്‍ക്രീറ്റ് പൂര്‍ത്തിയാകുന്നതിനൊപ്പം റോഡിന് വശത്തെ ചെരിഞ്ഞ നിലയിലുള്ള വൈദ്യുതി പോസ്റ്റ് കൂടി മാറ്റി സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഏറ്റവും കുറഞ്ഞ സമയംകൊണ്ട് ബൈപ്പാസ് റോഡില്‍ എത്താനാകുമെന്നതിനാല്‍ കാല്‍നട യാത്രികരും ഇരുചക്ര വാഹന യാത്രികരുമാണ് ഇതുവഴി കൂടുതലായി സഞ്ചരിക്കുന്നത്. വലിയ കുഴികള്‍ രൂപപ്പെട്ട ഭാഗത്ത് റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനൊപ്പം ബാക്കി ഭാഗത്ത് തറയോടുകള്‍ പാകി റോഡ് കൂടുതല്‍ മനോഹരമാക്കുകയും ഗതാഗതം കൂടുതല്‍ സുഗമമാക്കുമെന്നും കട്ടപ്പന നഗരസഭാ കൗണ്‍സിലര്‍ സോണിയ ജെയ്ബി പറഞ്ഞു.
What's Your Reaction?