ഏലം കര്‍ഷകരെ കെണിയിലാക്കി വ്യാജ കീടനാശിനികള്‍ വിറ്റഴിക്കുന്നു
ഏലം കര്‍ഷകരെ കെണിയിലാക്കി വ്യാജ കീടനാശിനികള്‍ വിറ്റഴിക്കുന്നു
ഇടുക്കി: ജില്ലയില്‍ ഏലംമേഖലയില്‍ വന്‍തോതില്‍ വ്യാജ കീടനാശിനികള്‍ വിറ്റഴിക്കുന്നു. 'നാനോ കീടനാശിനികള്‍' എന്ന പേരില്‍ സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും പ്രചാരണം നല്‍കിയാണ് ഇവ വില്‍ക്കുന്നത്. കൂടുതല്‍ വിളവ് കിട്ടുമെന്ന് വിശ്വസിപ്പിച്ച് കര്‍ഷകരെ വാങ്ങാന്‍ പ്രേരിപ്പിക്കുന്ന ഇത്തരം കീടനാശിനികള്‍ മണ്ണിന്റെ സ്വാഭാവികഘടന നശിപ്പിക്കുന്നു. അംഗീകൃത വളം-കീടനാശിനി വിതരണ കേന്ദ്രങ്ങള്‍ അറിയാതെ നേരിട്ട് തോട്ടങ്ങളില്‍ കീടനാശിനി എത്തിക്കുന്ന ലോബിയും പ്രവര്‍ത്തിക്കുന്നുണ്ട്. മുമ്പ് വളം ഡിപ്പോകളില്‍ ജോലി ചെയ്തിരുന്നവരാണ് 'കാര്‍ഷിക വിദഗ്ധര്‍' ചമഞ്ഞാണ് കര്‍ഷകരെ കബളിപ്പിക്കുന്നത്. വേഗത്തില്‍ മികച്ച വിളവ് ലഭിക്കുമെന്നും രോഗകീടബാധകള്‍ പെട്ടെന്ന് പ്രതിരോധിക്കുമെന്നും വിശ്വസിപ്പിച്ചാണ് വില്‍പ്പന.
എന്നാല്‍ ഈ മരുന്നുകളുടെ നിര്‍മാണ യൂണിറ്റുകളെക്കുറിച്ചോ ഗുണനിലവാരം സംബന്ധിച്ചോ ആര്‍ക്കും അറിവില്ല. ഇവ ഉപയോഗിക്കുമ്പോള്‍ തുടക്കത്തില്‍ നിലവാരം തോന്നുമെങ്കിലും മണ്ണിലെ മിത്രകീടങ്ങളെ നശിപ്പിക്കുകയും ദൂരവ്യാപകമായ കൃഷിനാശത്തിന് വഴിതെളിക്കുകയും ചെയ്യും. തമിഴ്‌നാട്ടില്‍നിന്ന് എത്തുന്ന തൊഴിലാളി വാഹനങ്ങള്‍ കേന്ദ്രീകരിച്ച് എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള നിരോധിത കീടനാശിനികള്‍ ജില്ലയിലേക്ക് വന്‍തോതില്‍ കടത്തുന്നുണ്ട്. തോട്ടം മേഖലയില്‍ ഇവ ഇപ്പോഴും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. വ്യാജ മരുന്നുകളുടെ വിതരണം തടയുന്നതില്‍ കൃഷി വകുപ്പ് പരാജയപ്പെട്ടതായി കര്‍ഷകര്‍ പറയുന്നു. ഇതുസംബന്ധിച്ച് പരാതികളുണ്ടാകുമ്പോള്‍ അംഗീകൃത സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി അവസാനിപ്പിക്കും. എന്നാല്‍ ഓണ്‍ലൈനിലൂടെയും നേരിട്ടും വളം എത്തിച്ചുനല്‍കുന്നവരെക്കുറിച്ച് അന്വേഷിക്കാന്‍ നടപടിയില്ല. തമിഴ്‌നാട്ടില്‍നിന്ന് അതിര്‍ത്തി കടന്നെത്തുന്ന മരുന്നുകളുടെ ഉറവിടം കണ്ടെത്താന്‍ ശാസ്ത്രീയമായ അന്വേഷണം വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
What's Your Reaction?