കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളിന്റെ പിന്‍ഭാഗത്ത് ഇടിഞ്ഞുവീണ മണ്ണ് നീക്കിത്തുടങ്ങി
കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളിന്റെ പിന്‍ഭാഗത്ത് ഇടിഞ്ഞുവീണ മണ്ണ് നീക്കിത്തുടങ്ങി
ഇടുക്കി: കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പിന്‍ഭാഗത്ത് ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. കട്ടപ്പന നഗരസഭയില്‍നിന്ന് 30ലക്ഷം രൂപ വകയിരുത്തിയാണ് ഇത് നീക്കം ചെയ്യുന്നത്. കഴിഞ്ഞ പ്രളയകാലത്താണ് മണ്ണിടിഞ്ഞ് വീണത്. ഇതോടെ കെട്ടിടം അപകട ഭീഷണിയിലായി. സ്‌കൂളിന്റെ ഫിറ്റ്‌നസ് അടക്കം ലഭിക്കുന്ന കാര്യത്തിലടക്കം പ്രതിസന്ധി നേരിട്ടതോടെയാണ് മണ്ണ് നീക്കം ചെയ്യാന്‍ നഗരസഭ നടപടി ആരംഭിച്ചത്. ക്ലാസ് മുറികളുടെ പിന്‍വശത്ത് വലിയ രീതിയില്‍ ഇടിഞ്ഞുകിടക്കുന്ന കല്ലും മണ്ണും കെട്ടിടത്തിലേക്ക് ഇടിച്ചുനില്‍ക്കുന്ന സ്ഥിതിയിലാണ്. ഇത് ജനലുകള്‍ക്കടക്കം കേടുപാടുകള്‍ വരുത്തി. മണ്ണ് നീക്കം ചെയ്യാന്‍ കാലതാമസമുണ്ടായതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് കട്ടപ്പന നഗരസഭ ഈ വിഷയത്തില്‍ അടിയന്തര പ്രാധാന്യം നല്‍കി നടപടി സ്വീകരിച്ചത്. മണ്ണ് നീക്കം ചെയ്യാന്‍ ടെന്‍ഡര്‍ വിളിച്ചെങ്കിലും ആരും ടെന്‍ഡര്‍ എടുക്കുവാന്‍ തയാറാതെ വന്നതാണ് കാലതാമസം നേരിടാന്‍ കാരണമെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് മത്സര അടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ വിളിച്ചാണ് നിലവില്‍ മണ്ണ് നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്ന് ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി പറഞ്ഞു. ഇത് നീക്കം ചെയ്യുന്നതിനൊപ്പം ഇടിഞ്ഞ ഭാഗത്ത് സംരക്ഷണഭിത്തി നിര്‍മിക്കുന്ന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
What's Your Reaction?