40-ാംവെള്ളി ആചരണത്തിനൊരുങ്ങി എഴുകുംവയല്‍ കുരിശുമല: തയാറാക്കുന്നത് 500 കിലോ മാങ്ങ അച്ചാര്‍
40-ാംവെള്ളി ആചരണത്തിനൊരുങ്ങി എഴുകുംവയല്‍ കുരിശുമല: തയാറാക്കുന്നത് 500 കിലോ മാങ്ങ അച്ചാര്‍
ഇടുക്കി: എഴുകുംവയല്‍ കുരിശുമലയില്‍ 40-ാംവെള്ളി, ദുഃഖവെള്ളി ദിവസങ്ങളില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കായി വിളമ്പുന്ന നേര്‍ച്ചക്കഞ്ഞിക്കൊപ്പം നല്‍കാനുള്ള മാങ്ങ അച്ചാര്‍ തയാറാക്കുന്ന തിരക്കിലാണ് ഇടവകയിലെ സ്ത്രീകള്‍. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ചേര്‍ന്നാണ് മാങ്ങ അരിഞ്ഞ് അച്ചാര്‍ തയാറാക്കുന്നത്. തീര്‍ഥാടകരായ അരലക്ഷത്തിലേറെ വിശ്വാസികള്‍ക്ക് നേര്‍ച്ചക്കഞ്ഞിയും അച്ചാറും വിതരണംചെയ്യും. ഭക്തിഗാനവും ജപമാലയും പ്രാര്‍ഥനകളും ഉരുവിട്ടാണ് നിയോഗംവച്ച് പാകം ചെയ്യുന്നത്. ഇടവകയില്‍ നിന്നുള്ളവരും പുറത്തുനിന്നുള്ളവരും നേര്‍ച്ചയായി നല്‍കിയ 500ലേറെ കിലോ മാങ്ങയുടെ അച്ചാറാണ് തയാറാക്കുന്നത്.
വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍നിന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നയിക്കുന്ന കാല്‍നട തീര്‍ഥയാത്ര 27ന് രാവിലെ 8ന് മലയടിവാരത്തെത്തും. തുടര്‍ന്ന് കുരിശുമലയിലേക്ക് കുരിശിന്റെ വഴി, മലമുകളിലെ തീര്‍ഥാടന പള്ളിയില്‍ തക്കല രൂപതാധ്യക്ഷന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡയറക്ടര്‍ ഫാ. ജോസഫ് ചുനയംമാക്കല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജേക്കബ് കഴത്തിക്കാട്ടില്‍ എന്നിവര്‍ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ ആശാരിക്കവല മുതല്‍ പുത്തന്‍പാലം വരെയുള്ള റൂട്ടില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ റൂട്ടിലോടുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ആശാരിക്കവല- പള്ളിക്കവല വഴി ഇരട്ടയാര്‍ നോര്‍ത്തിലേക്കും പുത്തന്‍പാലത്തുനിന്നുള്ള വാഹനങ്ങള്‍ വെട്ടിക്കാമറ്റം- ഇരട്ടയാര്‍ നോര്‍ത്ത്- പള്ളിക്കവല വഴി ആശാരിക്കവലയിലേക്കും പോകണം.
What's Your Reaction?