കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് ഭാര്യാപിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു: സംഭവം ഇടുക്കി മുളകുവള്ളിയില്‍: പ്രതി കീഴടങ്ങി
കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് ഭാര്യാപിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു: സംഭവം ഇടുക്കി മുളകുവള്ളിയില്‍: പ്രതി കീഴടങ്ങി
ഇടുക്കി: ഇടുക്കി മുളകുവള്ളിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യാപിതാവിനെ മരുമകന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. മുളകുവള്ളി മാടവനയില്‍ ബോസ് മാത്യുവിനാണ് പരിക്കേറ്റത്. സംഭവത്തില്‍ ഉഴവൂര്‍ സ്വദേശി സിബു ജോസഫ് ഇടുക്കി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രതി സിബു ജോസഫും ഭാര്യയും തമ്മില്‍ പിണക്കത്തിലായിരുന്നു. ഇരുവരും വ്യത്യസ്ത വിദേശ രാജ്യങ്ങളിലാണ് ജോലി ചെയ്യുന്നത്. ഇവര്‍ക്ക് 4 കുട്ടികളാണുള്ളത്. ഇതില്‍ രണ്ട് കുട്ടികള്‍ ഹോസ്റ്റലില്‍ താമസിച്ചാണ് പഠിക്കുന്നത്. മറ്റ് രണ്ട് കുട്ടികള്‍ മുളകുവള്ളിയിലുള്ള അമ്മവീട്ടിലുമാണ് കഴിയുന്നത്. പത്തു ദിവസത്തെ അവധിക്കായി നാട്ടിലെത്തിയ സിബു കുട്ടികളെ കാണുന്നതിനായാണ് ഭാര്യയുടെ വീട്ടിലെത്തിയത്. അവിടെവെച്ച് കുട്ടികളെ തനിക്കൊപ്പം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പ്രതി ബോസ് മാത്യുവിന്റെ ഇടത് നെഞ്ചില്‍ കുത്തുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസമയത്ത് ഉയര്‍ന്ന നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. ഇവരാണ് ബോസിനെ ആശുപത്രിയിലെത്തിച്ചത്. അതേസമയം, ആക്രമണത്തിന് ശേഷം പ്രതി സിബു നേരിട്ട് ഇടുക്കി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സിബുവിനെ കോടതിയില്‍ ഹാജരാക്കും.
What's Your Reaction?