പൂപ്പാറയില്‍ പുനരധിവാസ നടപടികള്‍ വൈകിയാല്‍ സമരം ആരംഭിക്കും: കെവിവിഇഎസ്
പൂപ്പാറയില്‍ പുനരധിവാസ നടപടികള്‍ വൈകിയാല്‍ സമരം ആരംഭിക്കും: കെവിവിഇഎസ്
ഇടുക്കി: പൂപ്പാറയില്‍ റവന്യു അധികൃതര്‍ നടത്തിയ കുടിയൊഴിപ്പിക്കല്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തം. കേരളത്തില്‍ 'ബുള്‍ഡോസര്‍ രാജ്' ആണ് നടപ്പാക്കുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളി. യാതൊരുവിധ മുന്നറിയിപ്പും നല്‍കാതെ, വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ത്ത നടപടി പരിഷ്‌കൃത സമൂഹത്തിനുതന്നെ അപമാനമാണെന്ന് സഅദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ അധികാരമേല്‍ക്കാത്ത സമയത്തെ ഈ ധൃതിപിടിച്ച നീക്കം സംശയാസ്പദമാണ്. റവന്യു ഉദ്യോഗസ്ഥര്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്നും ഇതിനുപിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കിടപ്പാടവും ഉപജീവനവും നഷ്ടപ്പെട്ടവര്‍ക്കായി അടിയന്തര പുനരധിവാസം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൂപ്പാറയില്‍ കുടിയൊഴിപ്പിക്കപ്പെട്ട സ്ഥലം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. നീതി നടപ്പാക്കേണ്ട സ്ഥാനത്തിരുന്ന് അനീതിക്ക് കൂട്ടുനില്‍ക്കുന്ന കലക്ടര്‍ ആ പദവിയില്‍ തുടരാന്‍ യോഗ്യനല്ലെന്ന് സണ്ണി പൈമ്പിള്ളി പറഞ്ഞു. ഒഴുപ്പിക്കപ്പെട്ട വ്യാപാരികള്‍ക്കായി പുതിയ വ്യാപാര സമുച്ചയം യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മിച്ച് നല്‍കണം. കിടപ്പാടം നഷ്ടപ്പെട്ട സാധാരണക്കാര്‍ക്ക് സുരക്ഷിതമായ വീടുകള്‍ നിര്‍മിച്ച് നല്‍കി പുനരധിവസിപ്പിക്കണം. മുന്നറിയിപ്പില്ലാതെ നടത്തിയ ഈ നടപടി മൂലം വ്യാപാരികള്‍ക്കുണ്ടായ ഭീമമായ സാമ്പത്തിക നഷ്ടത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. പുനരധിവാസ നടപടികള്‍ വൈകിയാല്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി വ്യാപാരി വ്യവസായി ഏകോപന സമിതി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
What's Your Reaction?