കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ 'ടേക് എ ബ്രേക്ക്' പദ്ധതി: നിര്‍മാണം തുടങ്ങി
കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ 'ടേക് എ ബ്രേക്ക്' പദ്ധതി: നിര്‍മാണം തുടങ്ങി
ഇടുക്കി: കട്ടപ്പന നഗരസഭയില്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള 'ടേക് എ ബ്രേക്ക്' വഴിയോര വിശ്രമകേന്ദ്രം നിര്‍മിക്കുന്നു. ശുചിത്വമിഷന്റെ സഹായത്തോടെ 22 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നിലവില്‍ പഴയ ബസ് സ്റ്റാന്‍ഡിലുള്ള കാലഹരണപ്പെട്ട കംഫര്‍ട്ട് സ്റ്റേഷന്‍ പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം പണിയുന്നത്. മൂന്ന് നിലകളിലായാണ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. താഴത്തെ നിലയില്‍ അത്യാധുനിക രീതിയിലുള്ള കംഫര്‍ട്ട് സ്റ്റേഷനും മുകളിലത്തെ നിലകളില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള സൗകര്യവും ഒരുക്കും. നിലവില്‍ പുതിയ ബസ് സ്റ്റാന്‍ഡിലും മാര്‍ക്കറ്റ് പരിസരത്തും നഗരസഭയുടെ കംഫര്‍ട്ട് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഴയ ബസ് സ്റ്റാന്‍ഡിലെ നിര്‍മാണം പൂര്‍ത്തിയായാല്‍ യാത്രക്കാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് കൂടുതല്‍ സൗകര്യം ലഭിക്കും. 2017ല്‍ സമ്പൂര്‍ണ വെളിയിട വിസര്‍ജന മുക്ത നഗരസഭയായി പ്രഖ്യാപിച്ച കട്ടപ്പനയില്‍, ഈ പദ്ധതി കര്‍ശനമായി നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നത്. നഗരസഭാ പരിധിയില്‍ നിയമലംഘനങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍, പൊതുജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം. ഇതിന്റെ മുന്നോടിയായാണ് വിവിധയിടങ്ങളില്‍ കൂടുതല്‍ കംഫര്‍ട്ട് സ്റ്റേഷനുകള്‍ നിര്‍മിക്കാനും നിലവിലുള്ളവ നവീകരിക്കാനും നഗരസഭ നടപടി സ്വീകരിക്കുന്നത്.
What's Your Reaction?
