വണ്ടന്‍മേട് എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം നടത്തി
വണ്ടന്‍മേട് എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം നടത്തി
ഇടുക്കി: വണ്ടന്‍മേട് എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. വിരമിച്ച അധ്യാപകരുടെ പേരില്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചും പരിസ്ഥിതി കോടതി അവതരിപ്പിച്ചും നടത്തിയ ദിനാചരണ പരിപാടികള്‍ കുമളി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജോജി എം ജേക്കബ് ഉദ്ഘാടനം ചെയ്തു. മനുഷ്യനെ പ്രതിക്കൂട്ടിലാക്കിയ പരിസ്ഥിതി കോടതിയില്‍ മണ്ണും മലകളും മാനുകളും പുഴകളും പക്ഷികളും അവസാനത്തെ മരവുമെല്ലാം മനുഷ്യന്റെ പ്രകൃതിക്കെതിരെയുള്ള കടന്നുകയറ്റത്തിനെതിരെ കോടതിയില്‍ പരാതിയുമായി എത്തി. പ്രതീകാത്മകമായി കുട്ടികള്‍ അവതരിപ്പിച്ച കോടതിയും പരാതിയുമെല്ലാം വേറിട്ട അനുഭവമായി. വിരമിച്ച അധ്യാപകരുടെയും അനധ്യാപകരുടെയും പേരില്‍ മരങ്ങള്‍ അവരെക്കൊണ്ട് തന്നെ വെച്ചു പിടിപ്പിച്ച് അവരുടെ പേര് നല്‍കിയതും വ്യത്യസ്തതയായി. ദിനാചരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ബോധവല്‍ക്കരണവുമായി ഇന്‍ഡോര്‍ പ്ലാന്റുകളുടെ ശേഖരണവും ആരംഭിച്ചു. മണിപ്ലാന്റ്, സ്‌നേക്ക് പ്ലാന്റ്, അലോവേര തുടങ്ങിയ വായു ശുദ്ധീകരിക്കുന്ന ചെറിയ ചെടികള്‍ ഉപയോഗശൂന്യമായ കുപ്പികളിലും ചിരട്ടകളിലും പെയിന്റ് ചെയ്ത് നട്ടു പിടിപ്പിക്കുന്ന പരിപാടികള്‍ക്കും സ്‌കൂളില്‍ തുടക്കം കുറിച്ചു. എസ്പിസി, എന്‍സിസി, എന്‍എസ്എസ് ലിറ്റില്‍ കൈറ്റ്‌സ്, റെയിഞ്ചേഴ്‌സ് ആന്‍ഡ് റോവേഴ്‌സ് യൂണിറ്റുകള്‍, മനോരമ നല്ല പാഠം, മാതൃഭൂമി സീഡ്, എന്‍ജിസി, എക്കോ ക്ലബ്ബ്, ഇ ഇ പി തുടങ്ങിയ സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ സഹകരണത്തോടെയാണ് പരിപാടികള്‍ നടന്നത്. പ്രിന്‍സിപ്പല്‍ അബ്ദു റസാക്ക്, പ്രധാനാധ്യാപിക മായ വസുന്തരാദേവി, മലയാളം അധ്യാപിക കെ എസ് ദേവി, വിവിധ യൂണിറ്റുകളുടെ ചുമതലയുള്ള അധ്യാപകര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.വിരമിച്ച അധ്യാപകരായ ജാന്‍സി ചെറിയാന്‍, സൈനബ ബീവി, അജിമോള്‍ ടിബി, സുമ ആന്റണി, അനധ്യാപകന്‍ അബ്ദുള്‍ വഹാബ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?
