ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ കാട്ടാന ശല്യം: ശാശ്വത പരിഹാരം ഫയലുകളില്‍ മാത്രം
ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ കാട്ടാന ശല്യം: ശാശ്വത പരിഹാരം ഫയലുകളില്‍ മാത്രം
ഇടുക്കി: ചിന്നക്കനാലില്‍ കാട്ടാന ആക്രമണങ്ങളില്‍ നിരപരാധികളുടെ ജീവന്‍ പൊലിയുമ്പോഴും പ്രതിരോധ പദ്ധതി ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നു. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ 2022-ല്‍ തയാറാക്കിയ സമഗ്ര പദ്ധതിയാണ് അധികൃതരുടെ കടുത്ത അനാസ്ഥയെത്തുടര്‍ന്ന് ഫയലിലൊതുങ്ങുന്നത്. ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ ജനവാസ കേന്ദ്രങ്ങളെ കാട്ടാനകളില്‍ നിന്ന് പൂര്‍ണമായി സംരക്ഷിക്കുന്നതിനായി 2022-ല്‍ അന്നത്തെ മൂന്നാര്‍ ഡിഎഫ്ഒ രാജു കെ ഫ്രാന്‍സീസ് ശാസ്ത്രീയ പഠനം നടത്തി സമഗ്ര റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഏകദേശം രണ്ട് കോടിയോളം രൂപ ചെലവ് വരുന്നതായിരുന്നു ഈ പദ്ധതി. 1.41 കോടി രൂപ ചിലവഴിച്ച് 21 കിലോമീറ്റര്‍ ദൂരത്തില്‍ സോളാര്‍ ഫെന്‍സിങ് തീര്‍ത്ത് ജനവാസ മേഖലകളെ സുരക്ഷിതമാക്കുക എന്നതായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതില്‍ സിങ്കുകണ്ടം മുതല്‍ ചെമ്പകതൊളുകുടി വരെയുള്ള 8.5 കിലോമീറ്ററും, എണ്‍പതേക്കര്‍ നഗറിലെ 5 കിലോമീറ്റര്‍ ദൂരവും ഉള്‍പ്പെട്ടിരുന്നു. കൂടാതെ പന്തടിക്കളത്ത് 3.2 കിലോമീറ്ററും, ദിഡിയര്‍ നഗറില്‍ 1 കിലോമീറ്ററും, ബി.എല്‍. റാം മുതല്‍ ദിഡിയര്‍ നഗര്‍ വരെ 3.8 കിലോമീറ്ററും, കോഴിപ്പന്നക്കുടിയില്‍ 0.5 കിലോമീറ്ററും ഉള്‍പ്പെടെ ഇരുപത്തിയൊന്ന് കിലോമീറ്റര്‍ ദൂരത്തില്‍ സൗരോര്‍ജ വേലി സ്ഥാപിക്കാനാണ് പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ ഈ വമ്പന്‍ പ്രഖ്യാപനങ്ങളില്‍ പന്തടിക്കളം നഗറില്‍ മാത്രമാണ് നിലവില്‍ പദ്ധതി നടപ്പാക്കാന്‍ വനംവകുപ്പ് തയാറായത്. ബാക്കിയുള്ള ഭൂരിഭാഗം പ്രദേശങ്ങളിലും ടെന്‍ഡര്‍ നടപടികള്‍ പോലും പൂര്‍ത്തിയാക്കിയോ എന്നതില്‍ വനംവകുപ്പിന് ഇപ്പോഴും വ്യക്തതയില്ല. ശാസ്ത്രീയ പഠനം നടത്തി തയാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈകളില്‍ ഇരിക്കുമ്പോഴും പദ്ധതി ഇന്നും പൂര്‍ണമായി യാഥാര്‍ഥ്യമായിട്ടില്ല. അരികൊമ്പനെ കാട് കടത്തിയ കാലഘട്ടത്തില്‍ ചക്കക്കൊമ്പന്‍ അടക്കമുള്ള ഒറ്റയാന്‍മാരെ റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിക്കുമെന്നും വിവിധ മേഖലകളില്‍ ഡിജിറ്റല്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് ആനയെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുമെന്നതുമടക്കമുള്ള പദ്ധതികളും നടപ്പിലായില്ല. ആര്‍ആര്‍ടി സംഘത്തിന് ആനയെ തുരത്താന്‍ ആവശ്യത്തിന് സജ്ജീകരണങ്ങള്‍പോലും ഇല്ലാത്ത അവസ്ഥയാണ് ചിന്നക്കനാലിലുള്ളത്.
What's Your Reaction?