ചിന്നക്കനാലില്‍ ആദിവാസി പുനരധിവാസ പദ്ധതിയിലെ ഭൂമിയുടെ വിതരണം റവന്യുവകുപ്പ് തടസപ്പെടുത്തുന്നുവെന്ന് പട്ടികവര്‍ഗ ഏകോപന സമിതി
ചിന്നക്കനാലില്‍ ആദിവാസി പുനരധിവാസ പദ്ധതിയിലെ ഭൂമിയുടെ വിതരണം റവന്യുവകുപ്പ് തടസപ്പെടുത്തുന്നുവെന്ന് പട്ടികവര്‍ഗ ഏകോപന സമിതി
ഇടുക്കി: ചിന്നക്കനാലില്‍ ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം വിതരണം നടത്തേണ്ട ഭൂമി വ്യാജ റിപ്പോര്‍ട്ടുകളുണ്ടാക്കി വിതരണം തടസപ്പെടുത്തുന്നുവെന്ന് പട്ടികവര്‍ഗ ഏകോപന സമിതി ഭാരവാഹികള്‍. ഇതിന് ഒത്താശ ചെയ്യുന്നത് റവന്യുവകുപ്പ് ഉദ്യോഗസ്ഥരാണെന്നും ആദിവാസി നേതാക്കള്‍. ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം 2002ലാണ് ചിന്നക്കനാലില്‍ 1490 ഏക്കര്‍ റവന്യു ഭൂമി സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 668 ഏക്കര്‍ ഭൂമി വിതരണം നടത്തി. ബാക്കിയുള്ള 822 ഏക്കര്‍ ഭൂമി വിതരണം നടത്തണമെന്നാവശ്യപ്പെടുമ്പോള്‍ വ്യാജ റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കി വിതരണം തടസപ്പെടുത്തുന്ന നടപടിയാണ് നാളിതുവരെയായി റവന്യു ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. 2003ല്‍ പട്ടയം നല്‍കിയ 158 ആദിവാസി കുടുംബങ്ങള്‍ക്ക് 23 വര്‍ഷമായിട്ടും ഭൂമി ലഭിക്കാത്ത സാഹചര്യവുമുണ്ട്. 50ലേറെ ഭൂരഹിതരായ ആദിവാസികള്‍ക്കും ഭൂമി ലഭിക്കേണ്ട സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ഇനി വിതരണം നടത്തേണ്ട 822 ഏക്കര്‍ ഭൂമി റവന്യു വകുപ്പിന്റെ അനുമതി ഇല്ലാതെ വനംവകുപ്പ് 20-09-2023ല്‍ കത്ത് പ്രകാരം വനവിജ്ഞാപനം പുറപ്പെടുവിച്ചത്. ആദിവാസി ഭൂമിപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വനം വകുപ്പിന്റെയും റവന്യു വകുപ്പിന്റെയും സംയുക്ത സര്‍വേ ടീമിന്റേയും സഹായത്തോടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി ചിന്നക്കനാലിലെ ആദിവാസി ഭൂമി വിഷയത്തില്‍ നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ രേഖാമൂലം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇത് നിലനില്‍ക്കേ വനം വകുപ്പ് ഈ നടപടികള്‍ ലംഘിച്ച് അന്തിമ വനവിജ്ഞാപനം നടത്തുന്നതിനായി ചിന്നക്കനാലില്‍ ആദിവാസികള്‍ക്ക് നല്‍കേണ്ട റവന്യുഭൂമിയില്‍ ട്രഞ്ചുകള്‍ നിര്‍മിക്കാനൊരുങ്ങുകയും അതിര്‍ത്തി നിര്‍ണയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത് നിര്‍ത്തിവയ്ക്കുകയും ചെയ്യണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ആദിവാസികള്‍ക്ക് നല്‍കിയ പട്ടയത്തിന്റെ കോപ്പി പോലും താലൂക്ക് ഓഫീസില്‍ ലഭ്യമല്ലെന്ന വിവരമാണ് ലഭിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു. റവന്യു വകുപ്പിലെ ചില ഉദ്യോഗസ്ഥരും വനം വകുപ്പുമായുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്നും അവര്‍ പറഞ്ഞു. ചിന്നക്കനാലില്‍ റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതും ആദിവാസികള്‍ക്ക് അനുവദിച്ചതുമായ ഭൂമി വനഭൂമിയല്ലാതിരിക്കെ ചിന്നക്കനാല്‍ 301 ഉന്നതിയിലെ പട്ടയക്കാരായ ആദിവാസികളെ കുടിയൊഴിപ്പിച്ച് ആനകളെ സംരക്ഷിക്കുവാന്‍ ആനത്താവളം ആക്കാനുള്ള നീക്കം ഉപേക്ഷിച്ച് ആനകളെ അവിടെനിന്ന് ഏതെങ്കിലും നിബിഡ വനത്തിലേക്ക് മാറ്റുന്നതിനും വനവിജ്ഞാപനം റദ്ദ് ചെയ്യുന്നതിനും ആദിവാസികളുടെ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്ന കൈയേറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ പട്ടിക വര്‍ഗ ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ അയ്യപ്പന്‍, സംസ്ഥാന സെക്രട്ടറി സാറാമ്മ ജോസഫ്, ജില്ലാ പ്രസിഡന്റ് വില്‍സണ്‍ സാമുവല്‍, കമ്മിറ്റിയംഗം ഓമന മേഴ്‌സി എന്നിവര്‍ അറിയിച്ചു.
What's Your Reaction?