ലഹരിക്കായി വേദന സംഹാരികള്‍ കുത്തിവച്ച് യുവാക്കള്‍: നെടുങ്കണ്ടത്ത് 3 പേര്‍ പിടിയില്‍
ലഹരിക്കായി വേദന സംഹാരികള്‍ കുത്തിവച്ച് യുവാക്കള്‍: നെടുങ്കണ്ടത്ത് 3 പേര്‍ പിടിയില്‍
ഇടുക്കി: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നെടുങ്കണ്ടം പൊലീസ് നടത്തിയ പരിശോധനയില്‍ വേദനസംഹാരികളുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. കാന്‍സറിനുള്‍പ്പെടെ ഉപയോഗിക്കുന്ന വേദന സംഹാരി ഗുളികകള്‍ കുത്തിവച്ചാണ് ഇവര്‍ ലഹരി കണ്ടെത്തിയിരുന്നത്. നെടുങ്കണ്ടം പുതുകില്‍ പ്രാഞ്ചി എന്ന ഫ്രാന്‍സിസ്, ചിറക്കുന്നേല്‍ അന്‍സില്‍, മഞ്ഞപ്പാറ മന്നിക്കല്‍ ജെസ്മിന്‍ എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രിയില്‍ നെടുങ്കണ്ടം ഉമ്മാക്കട ഭാഗത്ത് റോഡരികില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഫ്രാന്‍സിസും അന്‍സലും നില്‍ക്കുന്നത് കണ്ടതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവരുടെ പക്കലുണ്ടായിരുന്ന കവറില്‍നിന്ന് ടാബ്ലറ്റുകളും സിറിഞ്ചുകളും അടങ്ങിയ പായ്ക്കറ്റുകളും കപ്പളത്തിന്റെ തണ്ട് ഘടിപ്പിച്ച കുപ്പികളും കണ്ടെടുത്തു. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. കീമോ തെറാപ്പിക്കുശേഷം കാന്‍സര്‍ ബാധിതര്‍ക്ക് നല്‍കാറുള്ള വേദനസംഹാരി ഗുളികകള്‍ വിവിധ രീതിയില്‍ ലയിപ്പിച്ചശേഷം ശരീരത്തിലേക്ക് കുത്തിവച്ച് ലഹരി കണ്ടെത്തുകയായിരുന്നു യുവാക്കള്‍. ഇതിനായി വേദന കുറഞ്ഞ ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ സിറിഞ്ചുകളാണ് ഉപയോഗിച്ചിരുന്നത്. കവറില്‍നിന്ന് കണ്ടെടുത്ത സിഗരറ്റ് , ബീഡി എന്നിവയില്‍ കഞ്ചാവ് നിറച്ചിട്ടുള്ളതായും കണ്ടെത്തി. പ്ലാസ്റ്റിക് കുപ്പിയില്‍ കപ്പളത്തിന്റെ തണ്ട് ഘടിപ്പിച്ച് കഞ്ചാവ് കത്തിച്ച് വലിക്കുന്നതായും യുവാക്കള്‍ പറഞ്ഞു. വേദനസംഹാരി കുത്തിവച്ചശേഷം ഇങ്ങനെ കഞ്ചാവ് വലിച്ചാല്‍ രണ്ട് ദിവസത്തോളം ലഹരി നില്‍ക്കും. കട്ടപ്പനയിലെ ഒരു(ക്യാപ്‌സൂള്‍) മെഡിക്കല്‍ സ്റ്റോറില്‍ നിന്നുമാണ് ഗുളിക വാങ്ങിയത്. ദിവാകര്‍ എന്നയാളാണ് 22,000 രൂപ നല്‍കി ഈ ഗുളിക വാങ്ങാന്‍ ഇവരെ പറഞ്ഞയച്ചതെന്നും പൊലീസിനോട് സമ്മതിച്ചു. ദിവാകറിനായുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചു. സമീപ മേഖലയില്‍ നിന്നുമാണ് കഞ്ചാവ് കൈവശംവച്ച് ഉപയോഗിച്ചതിന് മഞ്ഞപ്പാറ മന്നിക്കല്‍ ജസ്മിനെയാണ് പിടികൂടിയത്. ഇയാള്‍ക്കും വേദന സംഹാരി പിടികൂടിയ സംഭവവുമായി ബന്ധമുണ്ടെന്നാണ് നിഗമനം. കൂടുതല്‍ യുവാക്കള്‍ ഇത്തരം ലഹരി ഉപയോഗം നടത്തുന്നതായാണ് സൂചന.
What's Your Reaction?