കുയിലിമല- നിര്‍മലാസിറ്റി- കട്ടപ്പന 220/110 കെവി ലൈന്‍ വലിക്കല്‍: വെള്ളയാംകുടിയില്‍ നിയമവിരുദ്ധമായി കെഎസ്ഇബി നടത്തിവന്ന ടവര്‍ നിര്‍മാണം പൊലീസ് തടഞ്ഞു
കുയിലിമല- നിര്‍മലാസിറ്റി- കട്ടപ്പന 220/110 കെവി ലൈന്‍ വലിക്കല്‍: വെള്ളയാംകുടിയില്‍ നിയമവിരുദ്ധമായി കെഎസ്ഇബി നടത്തിവന്ന ടവര്‍ നിര്‍മാണം പൊലീസ് തടഞ്ഞു
ഇടുക്കി: നിര്‍ദിഷ്ട കുയിലിമല- നിര്‍മലാസിറ്റി- കട്ടപ്പന 220/110 കെവി ഹൈടെന്‍ഷന്‍ ലൈന്‍ വലിക്കലിന്റെ ഭാഗമായി വെള്ളയാംകുടിയില്‍ നടന്നുവന്ന ടവര്‍ നിര്‍മാണം പൊലീസ് നിര്‍ത്തിവയ്പ്പിച്ചു. 2024ലെ കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡപ്രകാരം അര്‍ഹമായ നഷ്ടപരിഹാരം നല്‍കി നിര്‍മാണം നടത്തണമെന്ന എഡിഎം നിര്‍ദേശത്തിന് വിരുദ്ധമായി നടത്തിവന്ന കെഎസ്ഇബിയുടെ ജോലികളാണ് തടഞ്ഞത്. വെള്ളയാംകുടി സ്വദേശികളായ വൃദ്ധദമ്പതികളെ തെറ്റിദ്ധരിപ്പിച്ച് നഷ്ടപരിഹാരം നല്‍കാതെ ടവര്‍ നിര്‍മാണം നടത്തിവരികയായിരുന്നു. 2025 ഡിസംബറില്‍ സ്ഥലമുടമകള്‍ക്കെതിരെ കെഎസ്ഇബി എഡിഎമ്മിന് പരാതി നല്‍കിയിരുന്നു. ലൈന്‍ കടന്നുപോകുന്ന മേഖലകളിലെ സ്ഥലമുടമകള്‍ ഇതില്‍ കക്ഷിചേര്‍ന്നു. തുടര്‍ന്ന്, ഭൂവുടമകള്‍ക്ക് അനുകൂലമായാണ് എഡിഎം ഉത്തരവിട്ടത്. ഇതുനിലനില്‍ക്കെ നിര്‍മാണ ജോലികള്‍ നടത്തുന്നത് നാട്ടുകാര്‍ ചോദ്യംചെയ്തു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി രേഖകള്‍ പരിശോധിച്ചശേഷം നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കി.
2024ലെ കേന്ദ്രനിയമപ്രകാരം 66 കെവി മുതലുള്ള ഹൈടെന്‍ഷന്‍ ലൈന്‍ വലിക്കലിനും ടവര്‍ നിര്‍മാണത്തിനും സ്ഥലത്തിന്റെ 200 ശതമാനവും റൈറ്റ് ഓഫ് വേയില്‍ 30 ശതമാനം മാര്‍ക്കറ്റ് വിലയും കാര്‍ഷികവിളകള്‍ക്ക് മൂല്യത്തിന്റെ അടിസ്ഥാന വിലയും ഉടമയ്ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. റവന്യു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ജോയിന്റ് വേരിഫിക്കേഷന്‍ നടത്തി പരാതി പരിഹരിച്ച് പണം മുന്‍കൂര്‍ ഉടമയ്ക്ക് നല്‍കിയശേഷമേ നിര്‍മാണം പാടുള്ളൂവെന്നാണ് നിയമം. ഇത് ലംഘിച്ചാണ് വെള്ളയാംകുടിയില്‍ ഉള്‍പ്പെടെ ജോലികള്‍ നടത്തിവന്നത്. സ്ഥലമുടമകള്‍ക്കായി അഡ്വ. ജോര്‍ജി ജോര്‍ജ് പാലിയത്ത് ഹാജരായി. വാര്‍ത്താസമ്മേളനത്തില്‍ ജ്യോതിസ് സെബാസ്റ്റ്യന്‍, ജോണി കെ എ, പ്രിനോ സ്‌കറിയ, ഷൈജു ജോസഫ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?