വാഴത്തോപ്പില്‍ ഓട്ടോറിക്ഷകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്
വാഴത്തോപ്പില്‍ ഓട്ടോറിക്ഷകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്
ഇടുക്കി: വാഴത്തോപ്പില്‍ ചെറുതോണിയില്‍നിന്ന് മണിയാറന്‍കുടിയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും പള്ളിത്താഴെ സ്റ്റാന്‍ഡില്‍നിന്നും വന്ന മറ്റൊരു ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്. ഇടിയുടെ ആഘാതത്തില്‍ ചെറുതോണിയില്‍നിന്നും വന്ന ഓട്ടോറിക്ഷ റോഡില്‍ മറിഞ്ഞു. അപകടസമയത്ത് ഈ വാഹനത്തില്‍ ആറ് ആളുകള്‍ ഉണ്ടായിരുന്നു. പരിക്കേറ്റ നാല് പേരെയും നാട്ടുകാരുടെ നേതൃത്വത്തില്‍ ഉടന്‍തന്നെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അതേസമയം അപകടത്തിന് പിന്നാലെ പൊലീസിനും മോട്ടോര്‍ വാഹന വകുപ്പിനുമെതിരെ പ്രതിഷേധവുമായി മറ്റ് ഓട്ടോറിക്ഷാ തൊഴിലാളികള്‍ രംഗത്തെത്തി. മണിയാറന്‍കുടി മേഖലയില്‍നിന്ന് അനധികൃതമായി നടത്തുന്ന സമാന്തര സര്‍വീസുകളുടെ അമിതവേഗവും മത്സരയോട്ടവുമാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് അവര്‍ ആരോപിച്ചു. നിയമം ലംഘിച്ചുള്ള ഇത്തരം സര്‍വീസുകള്‍ യാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവന് ഭീഷണിയാണെന്നും തൊഴിലാളികള്‍ പറഞ്ഞു. ഓട്ടോറിക്ഷയില്‍ ഏഴും എട്ടും ആളുകളെ കുത്തിനിറച്ച് നടത്തുന്ന അനധികൃത സര്‍വീസുകള്‍ക്കെതിരെ ചെറുതോണിയിലെയും വാഴത്തോപ്പിലെയും ഓട്ടോറിക്ഷാ തൊഴിലാളികള്‍ പലതവണ പരാതികള്‍ നല്‍കിയിട്ടും പൊലീസും മോട്ടോര്‍ വാഹന വകുപ്പും ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം. ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തരമായി കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ സമാനമായ അപകടങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്നും തൊഴിലാളികള്‍ നല്‍കി.
What's Your Reaction?