വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ ക്രമക്കേട്: വകുപ്പുതല അന്വേഷണംവേണമെന്ന് കോണ്‍ഗ്രസ്
വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ ക്രമക്കേട്: വകുപ്പുതല അന്വേഷണംവേണമെന്ന് കോണ്‍ഗ്രസ്
ഇടുക്കി: എല്‍ഡിഎഫ് ഭരണത്തിലുള്ള വണ്ടന്‍മേട് സര്‍വീസ് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. ബാങ്കിന്റെ കീഴിലുള്ള മെഡിക്കല്‍ സ്റ്റോറിലും എല്‍ഡിഎഫ് നേതാക്കളുടെ വായ്പ തിരിച്ചടവിന്റെ മറവിലുമാണ് വെട്ടിപ്പ് നടത്തിയത്. പുറ്റടിയിലെ നീതി മെഡിക്കല്‍ സ്റ്റോറില്‍ കഴിഞ്ഞ മാര്‍ച്ചിലെ കണക്കെടുപ്പില്‍ 13 ലക്ഷത്തിന്റെ തിരിമറി നടന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതലയിലുള്ളവരില്‍നിന്നും ജീവനക്കാരില്‍നിന്നുമായി തുക ഈടാക്കി. എ ആര്‍ ഓഫീസില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ നടത്തിവരുന്ന കണക്കെടുപ്പില്‍ വീണ്ടും ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയിരിക്കുകയാണ്. സംഭവത്തില്‍ ജീവനക്കാരിയെ സസ്‌പെന്‍സ് ചെയ്തിട്ടുണ്ട്.
മുന്‍ ലോക്കല്‍ സെക്രട്ടറിയും കുടുംബവും എടുത്ത 30 ലക്ഷത്തിന്റെ വായ്പ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 17 ലക്ഷം രൂപയാക്കി കുറച്ച് ക്ലോസ് ചെയ്തു. സിപിഐ എമ്മുകാരായ സഹകാരികളുടെയും ഭരണസമിതി അംഗങ്ങളുടെ അഭ്യുദയകാംക്ഷികളുടെയും വായ്പകള്‍ കുറഞ്ഞ തുകയ്ക്ക് അടച്ചുതീര്‍ത്ത് ബാങ്കിന് വന്‍ നഷ്ടമുണ്ടാക്കി.
ക്ലാസിഫിക്കേഷന്‍ അഞ്ചില്‍വരുന്ന ബാങ്കില്‍ ആകെ 7 ജീവനക്കാര്‍ പാടുള്ളൂവെന്നാണ് നിയമം. എന്നാല്‍, 14 ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നു. ഓഡിറ്റര്‍ റിപ്പോര്‍ട്ട് പ്രകാരം ബാങ്ക് 8 കോടി രൂപ നഷ്ടത്തിലാണ്. കേരളാ ബാങ്ക് വഴി നബാര്‍ഡില്‍നിന്ന് ലഭിച്ച കാര്‍ഷിക വായ്പയും വകമാറ്റി ചെലവഴിച്ചു.
ബാങ്കില്‍നിന്ന് അംഗങ്ങള്‍ക്ക് നല്‍കിയിട്ടുള്ള വായ്പ 17 കോടിയും കേരള ബാങ്കില്‍നിന്ന് എടുത്തിട്ടുള്ള വായ്പ 19 കോടിയുമാണ്. അംഗങ്ങള്‍ക്ക് തിരികെ നല്‍കാനുള്ള നിക്ഷേപത്തുക 7 കോടിയാണ്.
പ്രദേശവാസികളല്ലാത്ത തമിഴ്‌നാട്ടില്‍നിന്ന് ജോലിക്കെത്തുന്നവരെ അംഗങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരിച്ചടയ്ക്കില്ലെന്ന് ഉറപ്പുണ്ടായിട്ടും ഇവര്‍ക്ക് വായ്പകള്‍ നല്‍കി ബാങ്കിനെ കടക്കെണിയിലാക്കി. 13 ബോര്‍ഡംഗങ്ങളില്‍ ഒരാള്‍ കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി കുടിശികക്കാരാനാണ്. ക്രമക്കേടുകള്‍ സംബന്ധിച്ച് വകുപ്പുതല അന്വേഷണം നടത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് ജോബിന്‍സ് പാനേസ്, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍, ഡിസിസി അംഗം കെ പി സുദര്‍ശനന്‍, പഞ്ചായത്തംഗം ടോണി മക്കോറ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?