ചെല്ലാര്‍കോവിലില്‍ വയോധികയുടെ മാല പൊട്ടിച്ച യുവാവ് പിടിയില്‍
ചെല്ലാര്‍കോവിലില്‍ വയോധികയുടെ മാല പൊട്ടിച്ച യുവാവ് പിടിയില്‍
ഇടുക്കി: ചക്കുപള്ളം ചെല്ലാര്‍കോവില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ കഴുത്തില്‍നിന്ന് അഞ്ചര പവന്‍ തൂക്കമുള്ള സ്വര്‍ണമാല മോഷ്ടിച്ച പ്രതി വണ്ടന്‍മേട് പൊലീസിന്റെ പിടിയില്‍. ചക്കുപള്ളം പയ്യാനിക്കല്‍ മനു കുഞ്ഞുമോന്‍ (39) ആണ് അറസ്റ്റിലായത്. മോഷണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഇയാളുടെ ഭാര്യയും പൊലീസ് കസ്റ്റഡിയിലാണ്. വ്യാഴാഴ്ച പകലാണ് ചെല്ലാര്‍കോവില്‍ ഞാവള്ളിക്കുന്നേല്‍ മേരിക്കുട്ടിയുടെ വീട്ടിലെത്തിയ മനു മാല വലിച്ചു പൊട്ടിച്ചുകടന്നത്. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് പരിസരപ്രദേശങ്ങളില്‍ വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും സംശയകരമായി ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സമീപത്തെ മറ്റൊരു വീട്ടിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളില്‍നിന്ന് സംശയകരമായി പറമ്പിലൂടെ ഒരാള്‍ നടന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദിവസങ്ങള്‍ക്കുമുമ്പ് മനു ഇവരുടെ വീട്ടില്‍ ജോലിക്കായി എത്തിയിരുന്നതായി മേരിക്കുട്ടി പറഞ്ഞത്. ഇതനുസരിച്ച് മോഷ്ടാവിന്റെ ചെരുപ്പിന്റെ അടയാളംവച്ചാണ് മനു ആയിരിക്കുമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. തുടര്‍ന്ന് വൈകുന്നേരത്തോടെ ചക്കുപള്ളത്തെ വീടിനുസമീപത്ത് നിന്നും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മുന്‍പ് ചക്കുപള്ളം മേഖലയില്‍നിന്ന് ഏലക്ക മോഷണം നടത്തിയ സംഭവത്തിലും പണം മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ഇയാളുടെ ഭാര്യ ജിബിയയും മോഷണത്തില്‍ പങ്കാളിയാണെന്ന് പൊലീസ് അറിയിച്ചു. ഇവരും കസ്റ്റഡിയിലാണ്. മോഷണം നടത്തിയ മാല ഇയാളില്‍നിന്ന് കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. തെളിവെടുപ്പിനുശേഷം മാല വീണ്ടെടുക്കാനായി കൂടുതല്‍ തെരച്ചില്‍ നടത്തും. മെഡിക്കല്‍ പരിശോധനയ്ക്കും തെളിവെടുപ്പിനും ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും.
What's Your Reaction?