മലങ്കര ഡാമില്‍ രാസമാലിന്യം പടര്‍ന്നു
മലങ്കര ഡാമില്‍ രാസമാലിന്യം പടര്‍ന്നു
ഇടുക്കി: മലങ്കര ഡാമില്‍ രാസമാലിന്യം പടര്‍ന്നു. വെള്ളിയാഴ്ച രാവിലെ മുതലാണ് വെള്ളിയാമറ്റം വടക്കനാറില്‍നിന്ന് ഡാമിലേക്ക് രാസമാലിന്യം ഒഴുകിവരാന്‍ തുടങ്ങിയത്. ഇവ ഒഴുകിയെത്തുന്നത് സമീപത്തെ ഫാക്ടറികളില്‍ നിന്നാണെന്നാണ് സംശയം. മൂന്ന് ജില്ലകളിലെ നിരവധി ജലസേചന പദ്ധതികള്‍ ആശ്രയിക്കുന്നത് മലങ്കര ഡാമിനെയാണ്. സംഭവത്തില്‍ പൊലീസും പഞ്ചായത്തും അന്വേഷണം ആരംഭിച്ചു. രാവിലെ പുഴയോരത്തെത്തിയ നാട്ടുകാരാണ് പുഴയുടെ ഒഴുക്കില്‍ എണ്ണ പോലെയുള്ള കറുത്ത പാടയും രൂക്ഷമായ കെമിക്കല്‍ ഗന്ധവും ശ്രദ്ധിച്ചത്. ഇതോടെ പുഴയോരത്തെ കൃഷിയിടങ്ങളിലും കുടിവെള്ള പദ്ധതികളിലും ആശങ്ക പരന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ഓയില്‍ മലങ്കര ജലാശയത്തിന്റെ ഭാഗങ്ങളിലേക്ക് എത്തുകയും ജലാശയത്തിന്റെ ഉപരിതലത്തില്‍ എണ്ണപ്പാട വന്‍തോതില്‍ വ്യാപിക്കുകയും ചെയ്തു. ഹെക്ടറുകണക്കിന് കൃഷിയിടങ്ങള്‍ക്ക് നടുവിലൂടെയാണ് പുഴ ഒഴുകുന്നത്. വെള്ളത്തില്‍ ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്നും കന്നുകാലികള്‍ക്ക് പോലും വെള്ളം കൊടുക്കാന്‍ ഭയമാണെന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പൊലീസും പഞ്ചായത്തും കൃഷി വകുപ്പ് അധികൃതരും അന്വേഷണം ആരംഭിച്ചു. ജലാശയത്തിലെ മത്സ്യ സമ്പത്തിനും ഇത് ഭീഷണിയാണ്. രാസവസ്തു ഒഴുകി എത്തിയതിന്റെ ഉറവിടം അടിയന്തരമായി കണ്ടെത്തുക, മലിനമായ വെള്ളം ശുദ്ധീകരിക്കുക, ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കുക എന്നീ കാര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിന് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെയും കലക്ടറുടെയും ഇടപെടല്‍ ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
What's Your Reaction?