കാഞ്ചിയാറില്‍ മലേറിയ രോഗവ്യാപനം: പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്തിന് അനാസ്ഥയെന്ന് എല്‍ഡിഎഫ്
കാഞ്ചിയാറില്‍ മലേറിയ രോഗവ്യാപനം: പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്തിന് അനാസ്ഥയെന്ന് എല്‍ഡിഎഫ്
ഇടുക്കി: കാഞ്ചിയാറില്‍ മലേറിയ പടര്‍ന്നുപിടിക്കുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫ് ഭരണസമിതി അനാസ്ഥ കാട്ടുന്നതായി എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി. ഇതിനോടകം 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരാള്‍ മരിച്ചു. പേരിനുമാത്രം യോഗം വിളിച്ചുചേര്‍ത്തതല്ലാതെ തുടര്‍നടപടിയില്ല. ആരോഗ്യപ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടെങ്കിലും പഞ്ചായത്തിന്റെ ഇടപെടലില്ല. അനാസ്ഥ വെടിഞ്ഞ് അടിയന്തരമായി പ്രവര്‍ത്തനങ്ങള്‍ ഉൗര്‍ജിതമാക്കണം.
വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനുപകരം ഭരണസമിതി ജനത്തെ തെറ്റിധരിപ്പിക്കുകയാണ്. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന മേഖലകളിലാണ് രോഗവ്യാപനം കൂടുതല്‍. ഇവരുടെ കൃത്യമായ കണക്കോ മറ്റ് വിവരങ്ങളോ പഞ്ചായത്തിന്റെ പക്കലില്ല. ഇവര്‍ കൂട്ടമായി താമസിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ട്. താമസസ്ഥലങ്ങള്‍ വൃത്തിഹീനമാണ്. ഇവിടെ ശുചിമുറികളോ അടിസ്ഥാന സൗകര്യമോ ഇല്ല. തൊഴിലാളികളുടെ കൃത്യമായ എണ്ണം നല്‍കാത്ത തൊഴിലുടമകളും ഏജന്റുമാരുമുണ്ട്.
പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ രോഗവ്യാപനം തടയാനാകൂ.
കഴിഞ്ഞ 4ന് വിളിച്ചുചേര്‍ത്ത ഇന്റര്‍സെക്ടറല്‍ യോഗത്തിലും അധികൃതര്‍ അലംഭാവം കാട്ടി. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവും യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാനോ വിവിധ വകുപ്പുകള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനോ ഇവര്‍ തയാറായില്ല. നൂറിലധികം പേര്‍ പങ്കെടുത്ത യോഗത്തില്‍ മൈക്ക് ക്രമീകരിക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ജില്ലാപഞ്ചായത്തംഗം ക്ഷുഭിതനായി ഇറങ്ങിപ്പോയത്.
പഞ്ചായത്തിലെ അതിഥിത്തൊഴിലാളികളുടെ കണക്കെടുത്ത് പരിശോധനകള്‍ പൂര്‍ത്തിയാക്കിയെന്നും എല്ലാവര്‍ക്കും തൊഴില്‍കാര്‍ഡ് വിതരണംചെയ്തെന്നുമാണ് വൈസ് പ്രസിഡന്റ് പറയുന്നത്. എന്നാല്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കാതെ ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണിവര്‍.
ജില്ലാ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കണം.
അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഏര്‍പ്പെടുത്തുകയുംവേണം. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും ചികിത്സക്കും ആവശ്യമയ ഫണ്ട്, വാഹനം ലഭ്യമാക്കാന്‍ നടപടി വേണം.
പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കി പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ എല്‍ഡിഎഫ് സഹകരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജോസ് ഞായര്‍കുളം, കെ സി ബിജു, ബൈജു ഗോപാലകൃഷ്ണന്‍, കെ പി സജി, അഭിലാഷ് മാത്യു എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?