കൊന്നത്തടി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ ക്രമക്കേട്: ബിജെപി
കൊന്നത്തടി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ ക്രമക്കേട്: ബിജെപി
ഇടുക്കി: കൊന്നത്തടി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ വന്‍ ക്രമക്കേടെന്ന് ആരോപണവുമായി ബിജെപി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജൂലൈ 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. വിബി- ജി റാം ജി എന്ന പേരില്‍ നിരവധി പരിഷ്‌കാരങ്ങളോടെ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. എന്നാല്‍ കൊന്നത്തടി പഞ്ചായത്തില്‍ തൊഴിലുറപ്പ് ഇപ്പോഴും പഴയ പദ്ധതി പ്രകാരമാണെന്നും കേന്ദ്ര മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പണിയെടുപ്പിക്കുമ്പോള്‍ സ്ഥല പരിശോധനയ്ക്കും സോഷ്യല്‍ ഓഡിറ്റിങ്ങിനും ശേഷം തൊഴിലാളികള്‍ക്ക് പണം കിട്ടാത്ത സ്ഥിതിയുണ്ടാകുമെന്നും നാട്ടുകാര്‍ പറയുന്നു. വിബി- ജി റാം ജി പദ്ധതി പ്രകാരം ജലസംരക്ഷണ പ്രവൃത്തികള്‍, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം, പുഴ, തോട്, കൈത്തോടുകള്‍ എന്നിവയുടെ ശുചീകരണം , ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് തൊഴില്‍ സാധ്യതകളും വരുമാനവും വര്‍ധിപ്പിക്കുന്ന ഉപജീവന പദ്ധതികള്‍, കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടാവുന്ന പ്രകൃതിദുരന്തങ്ങളുടെ ശക്തി കുറക്കാനാവശ്യമായ പ്രതിരോധ പദ്ധതികള്‍ എന്നിവയാണ് ആവിഷ്‌കരിക്കേണ്ടത്. അതേസമയം കൊന്നത്തടി പഞ്ചായത്തില്‍ ഏക്കര്‍ കണക്കിന് ഭൂമിയുള്ളവരുടെ കൃഷിയിടങ്ങല്‍ പദ്ധതിക്ക് വിരുദ്ധമായി വേലി കെട്ടുകയും അവരുടെ ഭൂമിക്ക് സംരക്ഷണം ഏര്‍പ്പെടുത്തുന്നതുമാണ് കാണാന്‍ കഴിയുന്നത്. ഇത് സംബന്ധിച്ച് പരാതിപ്പെട്ടാല്‍ ഉദ്യോഗസ്ഥര്‍ ആരും തിരിഞ്ഞുനോക്കാറില്ലെന്നുമാണ് മറ്റൊരു ആരോപണം. പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് ബിജെപി മുക്കുടം ഏരിയ കമ്മിറ്റി പ്രസിഡന്റ് രാധാകൃഷ്ണന്‍ ഇലവനാല്‍, വൈസ് പ്രസിഡന്റ് സിനി കാരിക്കുഴി, സെക്രട്ടറി സഹദേവന്‍ കോനാട്ട്, മണ്ഡലം വൈസ് പ്രസിഡന്റ് മോഹനന്‍ മങ്കുവ, ജോയിന്റ് സെക്രട്ടറി രവി കണ്‍ട്രാമറ്റം എന്നിവര്‍ പറഞ്ഞു.
What's Your Reaction?