ബൈക്ക് അപടത്തില്‍ പരിക്കേറ്റയാളെ രക്ഷിച്ച ബേബിക്കും ആല്‍ഫ്രട്ടിനും ആദരവുമായി കാളിയാര്‍ പൊലീസ്
ബൈക്ക് അപടത്തില്‍ പരിക്കേറ്റയാളെ രക്ഷിച്ച ബേബിക്കും ആല്‍ഫ്രട്ടിനും ആദരവുമായി കാളിയാര്‍ പൊലീസ്
ഇടുക്കി: ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റോഡരികില്‍ കിടന്നയാളെ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച പിതാവിനെയും 12 വയസുകാരനായ മകനെയും കാളിയാര്‍ പൊലീസ് ആദരിച്ചു. 2025 നവംബര്‍ 16ന് വണ്ടമറ്റം ബൈപ്പാസിലായിരുന്നു സംഭവം. ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് കിടന്ന തൊടുപുഴ സ്വദേശി റെജികുമാറിനെ അതുവഴി കടന്നുപോയ വണ്ണപ്പുറം പുതുപ്പറമ്പില്‍ ബേബിയും മകന്‍ ആല്‍ഫ്രട്ടും ചേര്‍ന്ന് മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരിയിലേക്കു മാറ്റി. ഏറെ നാളത്തെ ചികിത്സയ്‌ക്കൊടുവിലാണ് റെജികുമാര്‍ ജീവിതത്തിലേക്ക് തിരികെ എത്തിയത്. റോഡ് അപകടത്തില്‍പ്പെട്ടവരെ ഗോള്‍ഡന്‍ അവറിനുള്ളില്‍ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന രാഹ്‌വീര്‍ പദ്ധതിയുടെ ഭാഗമായി 25,000 രൂപ ബേബിക്ക് പാരിതോഷികമായി ലഭിച്ചിരുന്നു. എന്നാല്‍ തനിക്ക് ലഭിച്ച 25,000 രൂപ സ്വന്തമായി സ്വീകരിക്കുന്നതിനുപകരം അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയ റെജികുമാറിന് തന്നെ നല്‍കുമെന്ന് ബേബി അറിയിച്ചു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന വ്യക്തിയാണ് റെജികുമാറെന്നും അതിനാലാണ് പാരിതോഷികത്തുക അദ്ദേഹത്തിന് നല്‍കാന്‍ തീരുമാനിച്ചതെന്നും ബേബി പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ബേബി സമൂഹത്തിന് മാതൃകയാണെന്ന് വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സജി പോള്‍ പറഞ്ഞു. കാളിയാര്‍ എസ്‌ഐ വിഷ്ണു വി വി, ബീജു വര്‍ഗീസ്, സിപിഒ നിഷാദ് പി പി, ജയേഷ് ഭാസ്‌കരന്‍, ബിനു ജെ മാറാട്ട്, വണ്ണപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ സുബയില്‍, ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗം ജെയ്നമ്മ ജോസഫ്, വ്യാപാരി വ്യവസായി സമിതി വണ്ണപ്പുറം യൂണിറ്റ് പ്രസിഡന്റ് സജി കണ്ണംപുഴ, സെക്രട്ടറി നൗഷാദ് മലനാട് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?