രക്താര്‍ബുദം ബാധിച്ച വണ്ടന്‍മേട് സ്വദേശിനി സീതാലക്ഷ്മിയുടെ ചികിത്സയ്ക്ക് നാടിന്റെ കൈത്താങ്ങ്: ചികിത്സാസഹായ സമിതി രൂപീകരിച്ചു
രക്താര്‍ബുദം ബാധിച്ച വണ്ടന്‍മേട് സ്വദേശിനി സീതാലക്ഷ്മിയുടെ ചികിത്സയ്ക്ക് നാടിന്റെ കൈത്താങ്ങ്: ചികിത്സാസഹായ സമിതി രൂപീകരിച്ചു
ഇടുക്കി: ഗുരുതരമായ രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വണ്ടന്‍മേട് സെന്റ് ആന്റണീസ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി സീതാലക്ഷ്മിയുടെ ചികിത്സയ്ക്കായി കൈകോര്‍ത്ത് നാട്. വണ്ടന്‍മേട് സ്വദേശിനിയായ സീതാലക്ഷ്മിക്ക് കഴിഞ്ഞ ജൂണിലാണ് രോഗം സ്ഥിരീകരിച്ചത്. അമ്മ നേരത്തെ ഉപേക്ഷിച്ചുപോയ സീതാലക്ഷ്മിയുടെയും പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സഹോദരന്റെയും ഏക ആശ്രയം ലോട്ടറി വില്‍പ്പന നടത്തിയിരുന്ന ഭിന്നശേഷിക്കാരനായ അച്ഛന്‍ കെ രഞ്ജിത് കുമാര്‍ ആയിരുന്നു. എന്നാല്‍ ഒന്നര വര്‍ഷം മുമ്പ് കിഡ്‌നി രോഗം ബാധിച്ച് അച്ഛനും മരിച്ചു. തുടര്‍ന്ന് പ്രായാധിക്യത്താല്‍ ജോലി ചെയ്യാന്‍ സാധിക്കാത്ത വല്യച്ഛന്‍ എസ് കറുപ്പയ്യയുടെയും വല്യമ്മ കെ ഭൂപതിയുടെയും സംരക്ഷണത്തിലാണ് ഇരുവരും കഴിഞ്ഞുവരുന്നത്.
നിലവില്‍ തമിഴ്‌നാട്ടില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ഭാരിച്ച ചികിത്സാച്ചെലവ് കണ്ടെത്താന്‍ കഴിയാതെ കുടുംബം പ്രതിസന്ധിയിലായതോടെയാണ് പ്രദേശത്തെ രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകരും സ്‌കൂള്‍ അധികൃതരും അങ്കണവാടി-ഹരിതകര്‍മസേന പ്രവര്‍ത്തകരും പൊതുജനങ്ങളും ചേര്‍ന്ന് ചികിത്സാസഹായ സമിതി രൂപീകരിച്ചത്. പഞ്ചായത്തംഗം ജഗദീഷ് ജയരാജ് കണ്‍വീനറും സിപിഐ എം വണ്ടന്‍മേട് ലോക്കല്‍ സെക്രട്ടറി സി കണ്ണന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവ് സുനില്‍ വണ്ടന്‍മേട് ട്രഷററുമായി കമ്മിറ്റി രൂപീകരിച്ചു. ബിജെപി സോഷ്യല്‍ മീഡിയ ജില്ലാ കണ്‍വീനര്‍ മനോജ് രാധാകൃഷ്ണന്‍, പഞ്ചായത്തംഗം ആറുമുഖം കണ്ണന്‍, സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് കൊച്ചുറാണി ജോര്‍ജ് എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്. കുട്ടിയുടെ തുടര്‍ചികിത്സയ്ക്കായി വല്യമ്മ കെ ഭൂപതിയുടെ പേരിലുള്ള വണ്ടന്‍മേട് യൂണിയന്‍ ബാങ്ക് അക്കൗണ്ട് മുഖേനയും ക്യുആര്‍ കോഡ് വഴിയും ധനസഹായം സമാഹരിക്കാനാണ് കമ്മിറ്റിയുടെ തീരുമാനം. സുമനസ്സുകളുടെ സഹായത്തോടെ രോഗം ഭേദമായി സ്‌കൂളിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ഈ കൊച്ചുമിടുക്കി.
What's Your Reaction?