കലക്ടറുടെ ഉത്തരവ് അട്ടിമറിച്ചു: ഇടുക്കി സിഐ ഓഫീസ് വാഴത്തോപ്പ് വഞ്ചിക്കവലയിലെ കെട്ടിടത്തില്‍ തുറക്കാന്‍ നീക്കം
കലക്ടറുടെ ഉത്തരവ് അട്ടിമറിച്ചു: ഇടുക്കി സിഐ ഓഫീസ് വാഴത്തോപ്പ് വഞ്ചിക്കവലയിലെ കെട്ടിടത്തില്‍ തുറക്കാന്‍ നീക്കം
ഇടുക്കി: കലക്ടറുടെ ഉത്തരവ് മറികടന്ന് ഇടുക്കി സിഐ ഓഫീസ് വാഴത്തോപ്പ് വഞ്ചിക്കവലയിലെ കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സ് തുറക്കാന്‍ നീക്കംതുടങ്ങി. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത, ജീര്‍ണാവസ്ഥയിലുള്ള കെട്ടിടത്തിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ഇടുക്കിക്കുപുറമേ കഞ്ഞിക്കുഴി, ഇടുക്കി വനിതാ സെല്‍ എന്നീ സ്റ്റേഷനുകളുടെ ചുമതലയും ഇടുക്കി സിഐയ്ക്കാണ്. പൈനാവിലെ ഡി33 പിഡബ്ല്യുഡി ക്വാര്‍ട്ടേഴ്‌സില്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിക്കാനാണ് കഴിഞ്ഞ നാലിന് കലക്ടര്‍ ഉത്തരവിറക്കിയത്. എന്നാല്‍, രാഷ്ട്രീയ ഇടപെടലില്‍ വാഴത്തോപ്പ് വഞ്ചിക്കവലയിലെ കെഎസ്ഇബി സി-6 ക്വാര്‍ട്ടേഴ്‌സില്‍ ഓഫീസ് തുറക്കാനുള്ള നീക്കമാണിപ്പോള്‍ നടക്കുന്നത്.
ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ള കെട്ടിടത്തിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. മുറകളില്‍ ടൈലുകള്‍ പതിപ്പിച്ചിട്ടില്ല. വയറിങ്ങും തകരാറിലാണ്. കെട്ടിടത്തിന്റെ പരിസരം കാടുകയറിയ നിലയിലുമാണ്. കളക്ടര്‍ അനുവദിച്ച കെട്ടിടത്തില്‍ എല്ലാവിധ സൗകര്യങ്ങളുമുണ്ട്.
മേഖലയിലെ ആളുകള്‍ എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയാത്ത സ്ഥലങ്ങളാണ് വഞ്ചിക്കവലയും പൈനാവും. ഇപ്പോള്‍ ഡിവൈഎസ്പി ഓഫീസ് പ്രവര്‍ത്തിക്കുന്ന ചെറുതോണിയിലെ കെട്ടിടമാണ് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദം. ഡിവൈഎസ്പി ഓഫീസ് പൈനാവിലേക്ക് മാറ്റിയാല്‍ പ്രശ്‌നം പരിഹരിക്കാനാകും. എന്നാല്‍ ചില പൊലീസ് ഉദ്യോഗസ്ഥരുടെ താല്‍പര്യമാണ് ഓഫീസ് വഞ്ചിക്കവലയിലേക്ക് മാറ്റിയതെന്നും ആക്ഷേപമുണ്ട്. കലക്ടറുടെ ഉത്തരവ് അട്ടിമറിച്ചത് സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് ആവശ്യം.
What's Your Reaction?