കര്‍ഷക സംഘം ജില്ലാ സമ്മേളനം 18 മുതല്‍ 21 വരെ കട്ടപ്പനയില്‍
കര്‍ഷക സംഘം ജില്ലാ സമ്മേളനം 18 മുതല്‍ 21 വരെ കട്ടപ്പനയില്‍
ഇടുക്കി: കര്‍ഷക സംഘം ജില്ലാ സമ്മേളനം 18 മുതല്‍ 21 വരെ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ (കട്ടപ്പന ടൗണ്‍ ഹാള്‍) നടക്കും. 18ന് വൈകിട്ട് നാലിന് 'കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: പുതുക്കിയ കരട് വിജ്ഞാപനവും മലയോരത്തിന്റെ ആശങ്കകളും' എന്ന വിഷയത്തില്‍ സെമിനാര്‍ അഖിലേന്ത്യ കിസാന്‍ സഭ ദേശീയ സമിതിയംഗം എം എം മണി ഉദ്ഘാടനം ചെയ്യും. കര്‍ഷക സംഘം സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം സി വി വര്‍ഗീസ് മോഡറേറ്ററാകും. മുന്‍ എംപി അഡ്വ. ജോയ്‌സ് ജോര്‍ജ് വിഷയം അവതരിപ്പിക്കും. ജില്ലയിലെ വിവിധ കര്‍ഷക സംഘടന നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. 6.30ന് എന്‍ വാസുദേവന്‍ രചിച്ച 'ആറാട്ടുപുഴ വേലായുധപ്പണിക്കര്‍' എന്ന പുസ്തകം എം എം മണി പ്രകാശിപ്പിക്കും. സി വി വര്‍ഗീസ് ഏറ്റുവാങ്ങും. കെ എ മണി രചിച്ച 'ഏലവും മുല്ലപ്പെരിയാറും മലനാടിന്റെ ചരിത്ര ഭൂമിക' എന്ന പുസ്തകം അഡ്വ. ജോയ്‌സ് ജോര്‍ജ് പ്രകാശിപ്പിക്കും. റോമിയോ സെബാസ്റ്റ്യന്‍ ഏറ്റുവാങ്ങും. വൈകിട്ട് ഏഴിന് കോഴിക്കോട് ചിലങ്ക ഫ്‌ലോട്ടിങ് തിയറ്ററിന്റെ നാടകം '1975 മിസ'.
19ന് പകല്‍ രണ്ടിന് സമ്മേളന നഗറില്‍ അഗ്രി ഫെസ്റ്റ്(കാര്‍ഷികോല്‍പ്പന്ന വിപണന മേള) എം എം മണി ഉദ്ഘാടനംചെയ്യും. മുന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ആദ്യവില്‍പ്പന നടത്തും. 2.30ന് 'കാര്‍ഷിക മേഖലയുടെ പുരോഗതി- സഹകരണ, കുടുംബശ്രീ പ്രസ്ഥാനങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്ക്' എന്ന വിഷയത്തില്‍ സെമിനാര്‍ മുന്‍ മന്ത്രി ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്യും. മുന്‍ പ്ലാനിങ് ബോര്‍ഡംഗം ഡോ. ജിജു പി അലക്‌സ് വിഷയം അവതരിപ്പിക്കും. പ്രമുഖ സഹകാരികളും ജനപ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. ചടങ്ങില്‍ ദേശീയ, സംസ്ഥാന അവാര്‍ഡ് ജേതാക്കളായ കര്‍ഷകരെ ആദരിക്കും.
രാവിലെ 10ന് കര്‍ഷക സമരപോരാട്ട കേന്ദ്രങ്ങളില്‍നിന്ന് ആരംഭിക്കുന്ന കപ്പി കയര്‍, കൊടിമര, പതാക ജാഥകള്‍ വൈകിട്ട് 4.30ന് കട്ടപ്പന ഇടുക്കിക്കവലയില്‍ എത്തിച്ചേരും. തുടര്‍ന്ന്, പ്രകടനമായി വി എസ് അച്യുതാനന്ദന്‍ നഗറില്‍(നഗരസഭ ഓപ്പണ്‍ സ്റ്റേഡിയം) എത്തും. തുടര്‍ന്ന് പതാക ഉയര്‍ത്തും. ആറിന് പെരിയാര്‍ മ്യൂസിക് ബാന്‍ഡിന്റെ ഗാനമേള.
20ന് രാവിലെ ഒമ്പതിന് രജിസ്‌ട്രേഷന്‍, 9.30ന് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സ്വാഗത ഗാനം, 10ന് പ്രതിനിധി സമ്മേളനം അഖിലേന്ത്യ കിസാന്‍സഭ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ എന്‍ ബാലഗോപാല്‍ എംഎല്‍എ ഉദ്ഘാടനംചെയ്യും. കര്‍ഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി വി എസ് പത്മകുമാര്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിക്കും. സമ്മേളനത്തില്‍ ആദ്യകാല കര്‍ഷക സംഘം നേതാക്കളെ ആദരിക്കും. നഗരസഭ ഓപ്പണ്‍ സ്റ്റേഡിയത്തില്‍ കലാപരിപാടികള്‍.
21ന് പകല്‍ മൂന്നിന് നഗരത്തില്‍ 10,000 കര്‍ഷകര്‍ അണിനിരക്കുന്ന പ്രകടനം. പൊതുസമ്മേളനം വി എസ് അച്യുതാനന്ദന്‍ നഗറില്‍(നഗരസഭ ഓപ്പണ്‍ സ്റ്റേഡിയം) പ്രതിപക്ഷ നേതാവും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. കെ എന്‍ ബാലഗോപാല്‍, കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി വത്സന്‍ പനോളി, സംസ്ഥാന പ്രസിഡന്റ് എം വിജയകുമാര്‍, നേതാക്കളായ ഗോപി കോട്ടമുറിക്കല്‍, എം എം മണി, സി വി വര്‍ഗീസ്, എസ് കെ പ്രീജ, എന്‍ വി ബേബി, കെ എം രാധാകൃഷ്ണന്‍, അഡ്വ. കെ ജെ ജോസഫ്, റോമിയോ സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് കലാപരിപാടികള്‍.
ജാഥകള്‍ 19ന്
കര്‍ഷക സംഘം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള വിവിധ ജാഥകള്‍ 19ന് രാവിലെ 10ന് കര്‍ഷക സമര പോരാട്ട കേന്ദ്രങ്ങളില്‍നിന്ന് ജാഥകള്‍ ആരംഭിക്കും. ടി കെ ഷാജി ക്യാപ്റ്റനായ കപ്പി- കയര്‍ ജാഥ ആനച്ചാലില്‍നിന്ന് ആരംഭിക്കും. അഖിലേന്ത്യ കിസാന്‍ സഭ ദേശീയ സമിതിയംഗം എം എം മണി ഉദ്ഘാടനം ചെയ്യും. പി രവി, കെ ബി വരദരാജന്‍, സി എസ് ഷാജി, വി എം ബേബി, എം പി പുഷ്പരാജന്‍, സി കെ ശേഖരന്‍ എന്നിവര്‍ അംഗങ്ങളാണ്. അടിമാലി, കല്ലാര്‍കുട്ടി, കമ്പിളികണ്ടം, മുരിക്കാശേരി, തോപ്രാംകുടി, പ്രകാശ്, തങ്കമണി, പാറക്കടവ്, ശാന്തിഗ്രാം, ഇരട്ടയാര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. പി പി ചന്ദ്രന്‍ ക്യാപ്റ്റനായ കൊടിമര ജാഥ അമരാവതിയില്‍നിന്ന് ആരംഭിക്കും. സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം സി വി വര്‍ഗീസ് ഉദ്ഘാടനംചെയ്യും. മാത്യു ജോര്‍ജ്, ബേബി മാത്യു, കെ ജി ബിജു, ജോസ് മാത്യു, ടി സിദ്ധിഖ്, സിബി എബ്രഹാം എന്നിവര്‍ അംഗങ്ങളാണ്. അണക്കര, കടശിക്കടവ്, പുറ്റടി, വണ്ടന്‍മേട്, പുളിയന്‍മല, പാറക്കടവ് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. ആശ വര്‍ഗീസ് ക്യാപ്റ്റനായ പതാക ജാഥ കീരിത്തോട്ടില്‍നിന്ന് പുറപ്പെടും. ജില്ലാ പ്രസിഡന്റ് എന്‍ വി ബേബി ഉദ്ഘാടനംചെയ്യും. പി ഡി സുമോന്‍, പി ബി സബീഷ്, സിതാര ജയന്‍, എം വി ബേബി, ജോഷി മാത്യു, ഇ എന്‍ ചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളാണ്. ചേലച്ചുവട്, കരിമ്പന്‍, തടിയമ്പാട്, ചെറുതോണി, ഇടുക്കി, ഡബിള്‍ കട്ടിങ്, കാല്‍വരിമൗണ്ട്, എട്ടാംമൈല്‍, വാഴവര, നിര്‍മലാസിറ്റി, വെള്ളയാംകുടി എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. വൈകിട്ട് 4.30ന് ഇടുക്കിക്കവലയില്‍ മൂന്നുജാഥകളും എത്തിച്ചേരും. തുടര്‍ന്ന്, പൊതുസമ്മേളന നഗറിലേക്ക് പ്രകടനമായി എത്തും. വാര്‍ത്താസമ്മേളനത്തില്‍ വി ആര്‍ സജി, മാത്യു ജോര്‍ജ്, ടോമി ജോര്‍ജ്, എം സി ബിജു, കെ എന്‍ വിനീഷ് കുമാര്‍, ഫൈസല്‍ ജാഫര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?