ചൊക്രമുടിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത രണ്ട് ഏക്കര്‍ ഭൂമിക്ക് താല്‍ക്കാലികമായി കരം അടച്ചുനല്‍കാന്‍ ഹൈക്കോടതി ഉത്തരവ്
ചൊക്രമുടിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത രണ്ട് ഏക്കര്‍ ഭൂമിക്ക് താല്‍ക്കാലികമായി കരം അടച്ചുനല്‍കാന്‍ ഹൈക്കോടതി ഉത്തരവ്
ഇടുക്കി: നീലക്കുറിഞ്ഞി പൂവിട്ട ചൊക്രമുടി ഭൂമി വീണ്ടും വിവാദത്തിലേക്ക്. ഹര്‍ജിക്കാരില്‍നിന്ന് ഭൂനികുതി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ബൈസണ്‍വാലി വില്ലേജിലെ ചൊക്രമുടിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത രണ്ടേക്കറിലേറെ ഭൂമിക്ക് താല്‍ക്കാലികമായി കരം അടച്ചുനല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. മൂന്നാര്‍ ഇക്കാനഗര്‍ സ്വദേശികളായ സഹോദരങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഹര്‍ജിക്കാരുടെ അമ്മയുടെ പിതാവിന് 1975-ല്‍ ലഭിച്ച പട്ടയ ഭൂമിയാണിത്. എന്നാല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പട്ടയം സമ്പാദിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ ഭൂമി ഉള്‍പ്പെടെ 13 ഏക്കര്‍ 79 സെന്റ് സ്ഥലത്തിന്റെ പട്ടയം 2025 മാര്‍ച്ച് മാസത്തില്‍ റവന്യൂ വകുപ്പ് റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പട്ടയം റദ്ദാക്കിയ നടപടിക്കെതിരെ ഹര്‍ജിക്കാര്‍ കലക്ടര്‍ക്ക് അപ്പീല്‍ നല്‍കി. ഈ അപ്പീല്‍ നിലവില്‍ കലക്ടറുടെ പരിഗണനയിലാണ്. എന്നാല്‍ കാര്‍ഷിക വായ്പ പുതുക്കുന്നതിനായി ഭൂനികുതി അടയ്‌ക്കേണ്ടതുണ്ടെന്നും വില്ലേജ് ഓഫീസര്‍ കരം സ്വീകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഭൂവുടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്.
കേസ് പരിഗണിച്ച ഹൈക്കോടതി, അപ്പീലില്‍ അന്തിമ തീരുമാനം വരുന്നത് വരെ താല്‍ക്കാലികമായി നികുതി സ്വീകരിക്കാന്‍ ഉത്തരവിടുകയായിരുന്നു. വിധിയുടെ പകര്‍പ്പ് ലഭിക്കുന്ന തീയതി മുതല്‍ 10 ദിവസത്തിനകം നികുതി സ്വീകരിക്കണമെന്നാണ് നിര്‍ദേശം. സംസ്ഥാന സര്‍ക്കാര്‍, കലക്ടര്‍, ദേവികുളം സബ് കലക്ടര്‍, ഉടുമ്പന്‍ചോല തഹസില്‍ദാര്‍, ബൈസണ്‍വാലി വില്ലേജ് ഓഫീസര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. വിധിയിലൂടെ റദ്ദാക്കപ്പെട്ട പട്ടയം കോടതി പുനഃസ്ഥാപിച്ചു നല്‍കിയിട്ടില്ലെന്നത് റവന്യു വകുപ്പിന് താല്‍ക്കാലിക ആശ്വാസമാണ്. ചൊക്രമുടിയില്‍നിന്ന് മുമ്പ് ഒഴിപ്പിക്കപ്പെട്ട കൂടുതല്‍ പേര്‍ സമാന ആവശ്യവുമായി കോടതിയെ സമീപിച്ചാല്‍ അത് വലിയ നിയമ കുരുക്കിലേക്ക് വഴിമാറും. നിലവില്‍ ഉത്തരവിന്റെ സര്‍ട്ടിഫൈഡ് പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും ഹര്‍ജിക്കാര്‍ നല്‍കിയ പകര്‍പ്പിന്റെ അടിസ്ഥാനത്തില്‍ സബ് കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ബൈസണ്‍വാലി വില്ലേജ് ഓഫീസര്‍ അറിയിച്ചു.
What's Your Reaction?