വട്ടവടയിലെ മലനിരകളില്‍ വിരിഞ്ഞ ഓണവിസ്മയം: നൂറുമേനി വിളവെടുപ്പുമായി മുകേഷ്
വട്ടവടയിലെ മലനിരകളില്‍ വിരിഞ്ഞ ഓണവിസ്മയം: നൂറുമേനി വിളവെടുപ്പുമായി മുകേഷ്
ഇടുക്കി: ശീതകാല പച്ചക്കറികളുടെ വിളനിലമായ വട്ടവടയില്‍ പരമ്പരാഗത കൃഷിരീതികളില്‍നിന്ന് മാറി പുഷ്പകൃഷിയില്‍ മികച്ച നേട്ടം കൊയ്ത് യുവകര്‍ഷകന്‍. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെയും സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്റെയും പിന്തുണയോടെ അഭ്യസ്തവിദ്യനായ മുകേഷ് നടത്തിയ ചെണ്ടുമല്ലി കൃഷിയാണ് നാടിന് അഴകായിമാറി വന്‍ വിജയം കൈവരിച്ചിരിക്കുന്നത്. പരമ്പരാഗത കര്‍ഷക കുടുംബത്തിലെ അംഗമായ മുകേഷ് പൊന്നോണ വിപണി ലക്ഷ്യമിട്ടാണ് നാലായിരം ചെണ്ടുമല്ലി തൈകള്‍ നട്ടുപരിപാലിച്ചത്. ഇതില്‍ രണ്ടായിരം മഞ്ഞയും രണ്ടായിരം ഓറഞ്ചും ഇനങ്ങളാണ്. സുപ്രീം യെല്ലോ, ആംബര്‍ യെല്ലോ, അശോക ഓറഞ്ച്, കേസര്‍ ഓറഞ്ച് എന്നീ ഇനങ്ങളാണ് തോട്ടത്തില്‍ വിളവെടുത്തത്. വിളവെടുത്ത പൂക്കള്‍ നിലവില്‍ മൂന്നാര്‍ മാര്‍ക്കറ്റിലാണ് വിറ്റഴിക്കുന്നത്. കിലോഗ്രാമിന് 60 രൂപ മുതല്‍ 80 രൂപ വരെ നിലവില്‍ വില ലഭിക്കുന്നുണ്ട്. വട്ടവട കൃഷി ഓഫീസര്‍ വിശാഖ്, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ജീവനക്കാരന്‍ അഭിലാഷ് എന്നിവരുടെ പ്രോത്സാഹനവും മാര്‍ഗനിര്‍ദ്ദേശങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് മുകേഷ് പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ കൃഷി മികച്ച ലാഭം നല്‍കിയതോടെ, വട്ടവടയിലെത്തുന്ന വിനോദസഞ്ചാരികളെക്കൂടി ആകര്‍ഷിക്കുന്ന രീതിയില്‍ പൂകൃഷി കൂടുതല്‍ വിപുലമാക്കാനാണ് ഈ യുവകര്‍ഷകന്റെ തീരുമാനം.
What's Your Reaction?