ഓണവിപണിയില്‍ പച്ചക്കറി വില കുതിച്ചുയരുന്നു: സവാളയ്ക്ക് ഒറ്റയടിക്ക് 60 രൂപ
ഓണവിപണിയില്‍ പച്ചക്കറി വില കുതിച്ചുയരുന്നു: സവാളയ്ക്ക് ഒറ്റയടിക്ക് 60 രൂപ
ഇടുക്കി: ഓണസദ്യയുടെ വട്ടങ്ങള്‍ കൂട്ടേണ്ട സമയത്ത് സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റിച്ച് സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ കനത്ത വിലക്കയറ്റം. രണ്ട് ദിവസം മുമ്പ് വരെ കിലോയ്ക്ക് 35 രൂപയായിരുന്ന സവാള വില ഒറ്റയടിക്ക് 60 രൂപയിലെത്തി. മുംബൈയില്‍നിന്ന് വരവ് കുറഞ്ഞതാണ് വില വര്‍ധിക്കാന്‍ ഇടയാക്കിയത്. നിലവിലെ സ്റ്റോക്ക് തീരുമ്പോഴേക്കും പുതിയ വരവ് എത്തിയില്ലെങ്കില്‍ വില ഇനിയും ഉയര്‍ന്നേക്കും. വരുംദിവസങ്ങളില്‍ കാറ്ററിങ് സ്ഥാപനങ്ങളിലും ഹോട്ടലുകളിലും മാംസാഹാരങ്ങള്‍ക്കായി സവാളയ്ക്ക് വലിയ ആവശ്യക്കാരുണ്ടാകും. വിപണിയില്‍ കാരറ്റിനും ബീറ്റ്റൂട്ടിനും കിലോയ്ക്ക് 90 രൂപയും പാവയ്ക്കയ്ക്ക് 70 രൂപയുമാണ് നിലവിലെ നിരക്ക്. ഇഞ്ചി കിലോയ്ക്ക് 250 രൂപയും ചെറുനാരങ്ങയ്ക്ക് 180 രൂപയുമായി തുടരുന്നു. ചിപ്സ്, ഉപ്പേരി ആവശ്യങ്ങള്‍ക്കായി നേന്ത്രക്കായ വില്‍പന ഉയര്‍ന്നതോടെ നേന്ത്രപ്പഴം വില കിലോയ്ക്ക് 75 രൂപയ്ക്ക് മുകളിലെത്തി. കേരളം ആശ്രയിക്കുന്ന തമിഴ്നാട്, കര്‍ണാടക തുടങ്ങിയ അയല്‍സംസ്ഥാനങ്ങളില്‍ ഉണ്ടായ കാലാവസ്ഥാ വ്യതിയാനവും മഴ മൂലമുണ്ടായ വിളനാശവുമാണ് ഉല്‍പാദനക്കുറവിനും വിലക്കയറ്റത്തിനും പ്രധാന കാരണം. ഇന്ധനവില വര്‍ധന മൂലം ചരക്കുകൂലി കുത്തനെ ഉയര്‍ന്നതും വിത്ത്, വളം, തൊഴിലാളി കൂലി എന്നിവ വര്‍ധിച്ചതും ചില്ലറ വിപണിയെ ബാധിച്ചു. പൊതുവിപണിയിലെ ഈ വിലക്കയറ്റം തടയാന്‍ ഹോര്‍ട്ടികോര്‍പ്പ്, കണ്‍സ്യൂമര്‍ഫെഡ് വിപണികളുടെയും സര്‍ക്കാര്‍ ഓണച്ചന്തകളുടെയും ഇടപെടല്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാണ് ആവശ്യം. ഓണവിപണി ലക്ഷ്യമാക്കി സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക ചന്തകള്‍ പലയിടത്തും കാര്യക്ഷമമല്ലാത്തതും സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഊര്‍ജിതമാക്കിയില്ലെങ്കില്‍ അവശ്യസാധനങ്ങളുടെ വില ഇനിയും കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
What's Your Reaction?