കഞ്ഞിക്കുഴിയില്‍ കൃഷിഭൂമി സംരക്ഷിത വനഭൂമിയാക്കി മാറ്റാന്‍ ശ്രമം: സമരത്തിനൊരുങ്ങി സാഫ്
കഞ്ഞിക്കുഴിയില്‍ കൃഷിഭൂമി സംരക്ഷിത വനഭൂമിയാക്കി മാറ്റാന്‍ ശ്രമം: സമരത്തിനൊരുങ്ങി സാഫ്
ഇടുക്കി: ഇടുക്കി കഞ്ഞിക്കുഴിയില്‍ ജനവാസ മേഖലയിലെ റവന്യൂ ഭൂമി സംരക്ഷിത വനഭൂമിയാക്കി മാറ്റാന്‍ വനംവകുപ്പിന്റെ ഗൂഢനീക്കം. വര്‍ഷങ്ങളായി കൃഷിചെയ്യുന്ന ഭൂമി തട്ടിയെടുക്കാനുള്ള വനപാലകരുടെ നീക്കങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ പൊതുപ്രവര്‍ത്തകനും കര്‍ഷകനുമായ ടിജോ പി. ജോയിക്കെതിരെ കള്ളക്കേസെടുത്തതായും ആരോപണം. സ്വന്തം പുരയിടത്തിലെ കാടുവെട്ടിത്തെളിച്ച് കാപ്പിത്തൈ നട്ട ടിജോയ്ക്കെതിരെ വനത്തില്‍ അതിക്രമിച്ചുകയറിയെന്ന പേരില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് അഞ്ചിലേറ കേസുകളാണ്. ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും ഉത്തരവുകള്‍ പാലിക്കാതെയാണ് നടപടി. വനംവകുപ്പ് ആവശ്യപ്പെടുമ്പോള്‍ കണ്ണുമടച്ച് എഫ്.ഐ.ആര്‍ ഇടുന്ന പോലീസ്, ഉദ്യോഗസ്ഥരുടെ അതിക്രമത്തിനെതിരെ കര്‍ഷകര്‍ നല്‍കുന്ന പരാതികള്‍ ചവറ്റുകുട്ടയിലെറിയുകയാണ്. കഞ്ഞിക്കുഴി മാമ്മച്ചന്‍കുന്നിലെ ഒരു വീട്ടില്‍ പുരുഷന്മാരില്ലാത്ത സമയം നോക്കി, വനിതാ ഉദ്യോഗസ്ഥരില്ലാതെ എത്തിയ വനപാലക സംഘം വീട്ടമ്മയെ ഭീഷണിപ്പെടുത്തി വെള്ളക്കടലാസില്‍ എഴുതിച്ചേര്‍ത്ത കാര്യങ്ങളില്‍ നിര്‍ബന്ധിച്ച് ഒപ്പുവയ്പ്പിച്ചതായും പരാതിയുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ടിജോയെ ഉദ്യോഗസ്ഥര്‍ പരസ്യമായി കൈയേറ്റം ചെയ്യാനും മുതിര്‍ന്നു. പൊലീസിന്റെ അറിവോടെ നടക്കുന്ന വനംകൊള്ളയ്ക്കും കര്‍ഷകദ്രോഹ നടപടികള്‍ക്കുമെതിരെ സാഫ് സംഘടനയും നാട്ടുകാരും ചേര്‍ന്ന് അനിശ്ചിതകാല ജനകീയ സമരം ആരംഭിക്കാനാണ് തീരുമാനം.
What's Your Reaction?