ഈട്ടിത്തോപ്പിലെ ഹോമിയോ ആശുപത്രി മാറ്റിയെന്ന പ്രചാരണം വസ്തുതാവിരുദ്ധം: പഞ്ചായത്ത് ഭരണസമിതി
ഈട്ടിത്തോപ്പിലെ ഹോമിയോ ആശുപത്രി മാറ്റിയെന്ന പ്രചാരണം വസ്തുതാവിരുദ്ധം: പഞ്ചായത്ത് ഭരണസമിതി
ഇടുക്കി: ഈട്ടിത്തോപ്പിലെ ഹോമിയോ ആശുപത്രി ഇരട്ടയാറിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് ഇരട്ടയാര്‍ പഞ്ചായത്ത് ഭരണസമിതി. വാര്‍ഡ് മെമ്പറേയും എച്ച്എംസി അംഗങ്ങളെയും അറിയിക്കാതെ രാത്രിയുടെ മറവില്‍ ആശുപത്രി മോഷ്ടിക്കപ്പെട്ടുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഭരണസമിതിയംഗങ്ങള്‍ പറഞ്ഞു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈട്ടിത്തോപ്പിലെ ഹോമിയോ ആശുപത്രി കെട്ടിടത്തിന് ഉപാധികളുടെ അടിസ്ഥാനത്തിലാണ് ഫിറ്റ്‌നസ് ലഭിച്ചിരുന്നത്. ഈ വിവരം എച്ച്എംസി യോഗത്തിലും വാര്‍ഡ് മെമ്പര്‍മാരെയും അറിയിച്ച് പരിഹാരം കാണാന്‍ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടിട്ടും യാതൊരുവിധ നടപടികളും എടുക്കാന്‍ മുന്‍ ഭരണസമിതികള്‍ക്കും വാര്‍ഡ് മെമ്പര്‍മാര്‍ക്കും സാധിച്ചിട്ടില്ല. നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ആശുപത്രി പ്രവര്‍ത്തിക്കാന്‍ ഇനി അനുവദിക്കുകയില്ലെന്നും മറ്റ് ബദല്‍ സംവിധാനങ്ങള്‍ ഒരുക്കി ആശുപത്രി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തില്ലെങ്കില്‍ ആശുപത്രി നഷ്ടമാകുമെന്നും അതിന്റെ പൂര്‍ണ ഉത്തരവാദിത്വം പഞ്ചായത്തിനാണെന്ന് അറിയിച്ചുകൊണ്ടുള്ള ഡിഎംഒയുടെ കത്ത് പഞ്ചായത്തില്‍ ലഭിക്കുകയും ചെയ്തു. അധികാരത്തില്‍ ഇരുന്നപ്പോള്‍ ആശുപത്രിക്കുവേണ്ടി ഒന്നും ചെയ്യാതിരുന്നവര്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയും നാട്ടുകാര്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാക്കുന്നതിനുവേണ്ടിയും നടത്തുന്ന ശ്രമങ്ങളെ ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും എന്ന് ഭരണസമിതി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് രജനി കെ എ, വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സിജോ ഇലന്തൂര്‍, മേരിക്കുട്ടി പൗലോസ്, റോസമ്മ മാത്യു, പഞ്ചായത്തംഗങ്ങളായ കിരണ്‍ ഉതിരക്കുളം, ജാന്‍സി കുറ്റിനിക്കല്‍, ഷീബ കളത്തിക്കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?