കാട്ടാനക്കലിയില്‍ വീണ്ടും ജീവന്‍ പൊലിഞ്ഞു: ചിന്നക്കനാലില്‍ പ്രതിഷേധവുമായി നാട്ടുകാര്‍
കാട്ടാനക്കലിയില്‍ വീണ്ടും ജീവന്‍ പൊലിഞ്ഞു: ചിന്നക്കനാലില്‍ പ്രതിഷേധവുമായി നാട്ടുകാര്‍
ഇടുക്കി: ചിന്നക്കനാല്‍ പന്തടികളത്ത് കാട്ടുകൊമ്പന്‍ ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. പന്തടികളം സ്വദേശി വിജയനാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ കൃഷിയിടത്തിലെ ഷെഡ്ഡില്‍നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. വിജയന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആനയുടെ മുന്നില്‍പ്പെട്ടു. സംഭവസ്ഥലത്തുതന്നെ ഇദ്ദേഹം മരിച്ചു. നാട്ടുകാര്‍ സ്ഥലത്ത് സംഘടിച്ച് പ്രതിഷേധിച്ചു. തുടര്‍നടപടികള്‍ക്കായി മൃതദേഹം കൊണ്ടുപോകാന്‍ സമ്മതിക്കാതെ തടഞ്ഞുവച്ചു.
വിജയന്റെ കുടുംബത്തിന് ഉടന്‍ നഷ്ടപരിഹാരം നല്‍കുമെന്നും കുടുംബത്തെ സംരക്ഷിക്കുമെന്നും വനംവകുപ്പ് അറിയിച്ചു. ചൊക്രമുടിയിലെ വനം വകുപ്പിന്റെ എക്കോ സെന്ററിലെ ടിക്കറ്റ് കൗണ്ടറില്‍ വിജയന്റെ ഭാര്യയ്ക്ക് തല്‍കാലിക ജോലി നല്‍കാനും തീരുമാനിച്ചു. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ വനപാലകര്‍ നാട്ടുകാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ മൂന്നര മാസത്തിനിടെ നാല് പേരാണ് ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
What's Your Reaction?