രാജാക്കാട് കനകക്കുന്ന് മലനിര കൈയടക്കി ലഹരിമാഫിയ സംഘം: നാട്ടുകാര്‍ പ്രക്ഷോഭത്തിന്
രാജാക്കാട് കനകക്കുന്ന് മലനിര കൈയടക്കി ലഹരിമാഫിയ സംഘം: നാട്ടുകാര്‍ പ്രക്ഷോഭത്തിന്
ഇടുക്കി: രാജാക്കാട് കനകക്കുന്ന് മലനിരകളില്‍ സാമൂഹിക വിരുദ്ധശല്യം രൂക്ഷം. രാപകല്‍ വ്യത്യാസമില്ലാതെ ലഹരിമാഫിയയും മദ്യപസംഘങ്ങളും ഇവിടം കൈയടക്കുന്നു. പലതവണ നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും പരിശോധന നടത്താനോ ഗൂഢസംഘങ്ങളെ പിടികൂടാനോ പൊലീസ് തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇതിനെതിരെ കനകക്കുന്ന് സംരക്ഷണ സമതി രൂപീകരിച്ച് പ്രദേശവാസികള്‍ സമരത്തിനൊരുങ്ങുകയാണ്. പ്രകൃതി മനോഹാരിതയുടെ മടിത്തട്ടായ കനകകുന്നില്‍ മദ്യക്കുപ്പികളും മാലിന്യങ്ങളും കുന്നുകൂടി. രാത്രികാലത്ത് പുറത്തറങ്ങാന്‍ ഭയമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
രാജാക്കാട് പഞ്ചായത്തില്‍ ടൂറിസം സാധ്യത ഏറെയുള്ള പ്രദേശമാണ് കനകകുന്ന് മലനിരകള്‍. ടൂറിസം പദ്ധതികള്‍ക്കായി പ്രദേശവാസി സൗജന്യമായി സ്ഥലവും വിട്ടുനല്‍കിയിരുന്നു. എന്നാല്‍ മദ്യപ, ലഹരിമാഫിയ സംഘങ്ങള്‍ ഇവിടം കൈയടക്കിയതോടെ ആളുകള്‍ക്ക് ഇവിടേയ്ക്ക് വരാന്‍ ഭയമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇതുവഴി സഞ്ചരിക്കാന്‍പോലും കഴിയാത്ത സ്ഥിതിയായി. പൊലീസ് പട്രോളിങ്ങും നിലച്ചു. പ്രദേശമാസകലം മാലിന്യവും മദ്യക്കുപ്പികളുമാണ്. സമീപത്തെ കൃഷിയിടത്തിലേക്കും അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നു. സാമൂഹികവിരുദ്ധശല്യം രൂക്ഷമായതോടെയാണ് നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നത്. വിഷയത്തില്‍ പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. പൊലീസ് പട്രോളിങ് ശക്തമാക്കി മാഫിയ സംഘങ്ങളെ ഒഴിപ്പിച്ച് നാട്ടുകാര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും ആവശ്യമുയര്‍ന്നു.
What's Your Reaction?