കട്ടപ്പനയില്‍ അമേസിങ് സ്‌പൈഡര്‍മാന്‍
കട്ടപ്പനയില്‍ അമേസിങ് സ്‌പൈഡര്‍മാന്‍
ഇടുക്കി: കട്ടപ്പന നഗരസഭാ കോമ്പൗണ്ടില്‍ എത്തുന്ന കുട്ടികളെയും മുതിര്‍ന്നവരെയും അത്ഭുതപ്പെടുത്തി മാര്‍വല്‍ കോമിക്‌സിലെ സൂപ്പര്‍ ഹീറോ 'സ്‌പൈഡര്‍മാന്‍'. ഹരിതകേരളം മിഷന്റെയും സഗരസഭയുടെയും വേസ്റ്റ് ടു ആര്‍ട്ട് പദ്ധതിയുടെ ഭാഗമായാണ് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍, കവറുകള്‍, പഴയ ഇരുമ്പ് കമ്പികള്‍ എന്നിവ ഉപയോഗിച്ച് കൂറ്റന്‍ സ്‌പൈഡര്‍മാന്‍ ശില്‍പം നിര്‍മിച്ചത്. സൂപ്പര്‍ ഹീറോയ്‌ക്കൊപ്പം സെല്‍ഫിയെടുത്തും ചിത്രങ്ങള്‍ പകര്‍ത്തിയുമാണ് ആളുകള്‍ ഈ വേറിട്ട മാതൃക ഏറ്റെടുക്കുന്നത്. മാലിന്യ സംസ്‌കരണത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്താന്‍ ഇത്തരം വേറിട്ട കാഴ്ചകള്‍ സഹായിക്കുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. സാധാരണ ബോര്‍ഡുകള്‍വച്ചുള്ള ബോധവല്‍ക്കരണം കാണാന്‍ ആര്‍ക്കും താല്‍പര്യമുണ്ടാകാറില്ല. എന്നാല്‍ സ്‌പൈഡര്‍മാനെ കാണാനെത്തുന്ന ഓരോ കുട്ടിയും ചോദിക്കുന്നു, 'ഇത് ശരിക്കും കുപ്പികളാണോ?' ആ ചോദ്യത്തില്‍നിന്നാണ് പുനരുപയോഗം എന്ന പാഠം തുടങ്ങുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 'ഒരു പ്ലാസ്റ്റിക് കുപ്പി മണ്ണില്‍ അലിയാന്‍ 450 വര്‍ഷങ്ങള്‍ വേണ്ടി വരും. അത് ചവറ്റുകുട്ടയില്‍ എറിയുമ്പോള്‍ മാലിന്യമാണ്. എന്നാല്‍ പ്ലാസ്റ്റിക്കും മറ്റ് അജൈവ മാലിന്യങ്ങളും വലിച്ചെറിയരുത് എന്ന ശക്തമായ സന്ദേശമാണ് ഇത് നല്‍കുന്നത്. സ്‌പൈഡര്‍മാന്‍വന്ന് നമ്മളെ രക്ഷിക്കുന്നതുപോലെ നമ്മുടെ നാടിനെ മലിനീകരണത്തില്‍നിന്ന് രക്ഷിക്കാനെത്തുന്ന ഒരു രക്ഷകന്റെ പ്രതീകമായാണ് സ്‌പൈഡര്‍മാനെ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി പറഞ്ഞു. വരും ദിവസങ്ങളില്‍ നഗരസഭ പരിധിയിലെ സ്‌കൂളുകളില്‍ നിന്നുമുള്ള കുട്ടികള്‍ക്കായി 'വേസ്റ്റ് ആന്‍ഡ് ആര്‍ട്ട്' ശില്‍പശാലകളും നഗരസഭ ഒരുക്കുന്നുണ്ട്. ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തോമസ് മൈക്കിള്‍, സെക്രട്ടറി അജി കെ. തോമസ്, ക്ലീന്‍സിറ്റി മാനേജര്‍ ആറ്റ്ലി പി ജോണ്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പ്രദീപ് രാജ്, ഡി, അനുപ്രിയ കെ എസ്, അമ്പിളി ബി എം, രജിത ഐ, ശുചിത്വ മിഷന്‍ യങ് പ്രൊഫഷണല്‍ പ്രവീണ ശിരീഷ്, ജീവനക്കാരായ ബിബിന്‍ തോമസ്, ബിജു മാത്യു, മനുബാബു എന്നിവരുടെ നേതൃത്വത്തിലാണ് ഇത് നിര്‍മിച്ചത്.
What's Your Reaction?