കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെയുള്ള അപവാദ പ്രചാരണം അവസാനിപ്പിക്കണം: കാഞ്ചിയാര്‍ പഞ്ചായത്ത്
കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെയുള്ള അപവാദ പ്രചാരണം അവസാനിപ്പിക്കണം: കാഞ്ചിയാര്‍ പഞ്ചായത്ത്
ഇടുക്കി: ജില്ലയില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ചിയാര്‍ എഫ്എച്ച്‌സിക്കെതിരെ ചില രാഷ്ട്രീയ കക്ഷി നേതാക്കള്‍ നടത്തുന്ന അപവാദ പ്രചാരണം അവസാനിപ്പിക്കണമെന്ന് കാഞ്ചിയാര്‍ പഞ്ചായത്ത് ഭരണസമിതി. 2024 മാര്‍ച്ച് മുതല്‍ 2026 ജനുവരി അവസാനം വരെ കിടത്തിച്ചികിത്സ നിഷേധിച്ചിരുന്ന സാഹചര്യത്തിലാണ് പുതിയ ഭരണസമിതി അധികാരമേറ്റത്. മൂന്ന് ഡോക്ടര്‍മാര്‍ മാത്രമുണ്ടായിരുന്നിടത്ത് നിലവില്‍ അഞ്ച് ഡോക്ടര്‍മാര്‍, ആറ് സ്റ്റാഫ് നഴ്‌സ്, രണ്ട് നഴ്‌സിങ് അസിസ്റ്റന്റ്, മൂന്ന് ഫാര്‍മസിസ്റ്റ്, മൂന്ന് ലാബ് ടെക്‌നീഷ്യന്‍, ഒരു ഒപ്‌റ്റോമെട്രിസ്റ്റ്, നാല് അറ്റന്‍ഡര്‍മാര്‍, ഒരു എച്ച്‌ഐ, മൂന്ന് ജെഎച്ച്‌ഐ, ആറ് ജെപിഎച്ച്എന്‍, ഒരു എല്‍എച്ച്എം അടക്കം ആവശ്യമായ മുഴുവന്‍ ജീവനക്കാരെയും ഉറപ്പാക്കാന്‍ ഭരണസമിതിക്ക് സാധിച്ചു. നിലവില്‍ രാവിലെ 250 മുതല്‍ 350 വരെയും വൈകിട്ട് 50 മുതല്‍ 80 വരെയും രോഗികള്‍ ഒപിയില്‍ ചികിത്സ തേടുന്നുണ്ട്. ദിവസേന ശരാശരി പത്തില്‍ കുറയാത്ത രോഗികള്‍ക്ക് കിടത്തിച്ചികിത്സ നല്‍കുന്നുണ്ട്. ഒക്ടോബര്‍ 3-ന് 1,67,000 രൂപയുടെ മരുന്നുകളും കെഎംഎസ്സിഎല്ലില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ മരുന്നുകളും സിറിഞ്ച് അടക്കമുള്ള മെറ്റീരിയലുകളും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. കഴിഞ്ഞ ഭരണസമിതി മരുന്ന് വാങ്ങാന്‍ 6 ലക്ഷം രൂപ അനുവദിച്ചിടത്ത് പുതിയ ഭരണസമിതി 10 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. പാലിയേറ്റീവ് വിഹിതം 9 ലക്ഷത്തില്‍ നിന്ന് 11 ലക്ഷമാക്കി. മുന്‍ ഭരണസമിതി അറ്റകുറ്റപ്പണി നടത്താത്തതിനെത്തുടര്‍ന്ന് അപകടാവസ്ഥയിലായ സീലിങ് ഭരണസമിതി ഇടപെട്ടാണ് അടിയന്തരമായി പൊളിച്ചുമാറ്റിയത്. വര്‍ഷങ്ങളായി ഉപയോഗശൂന്യമായിരുന്ന ടോയ്ലറ്റുകള്‍ എച്ച്എംസി ഇടപെട്ട് നവീകരിച്ചു. കൂടാതെ ഈ വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സീലിങ് നിര്‍മ്മാണത്തിനും മറ്റ് അറ്റകുറ്റപ്പണികള്‍ക്കുമായി 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഭരണസമിതി വ്യക്തമാക്കി. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മലേറിയ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചത് ജില്ലയ്ക്ക് തന്നെ മാതൃകയാണ്. ആശുപത്രിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ ഭരണം നടത്തിയവര്‍ ഇപ്പോള്‍ ആരോപണവുമായി ഇറങ്ങിയിരിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. ഇതുവരെ ഈ ആശുപത്രിയെ നശിപ്പിച്ചത് ഇഷ്ടക്കാരുടെ ലാബുകളെയും ആശുപത്രികളെയും സഹായിക്കാനായിരുന്നോ എന്ന് വ്യക്തമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ തോമസ്, വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജോമോന്‍ അഴകന്‍പറമ്പില്‍, പഞ്ചായത്തംഗങ്ങളായ ജെയിംസ് മാത്യു മ്ലാക്കുഴി, ആനീസ് സെന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?