പഴയരിക്കണ്ടം ടൂറിസം പദ്ധതി നടപ്പാക്കണമെന്ന് നാട്ടുകാർ
പഴയരിക്കണ്ടം ടൂറിസം പദ്ധതി നടപ്പാക്കണമെന്ന് നാട്ടുകാർ
ഇടുക്കി: പഴയരിക്കണ്ടം വെള്ളച്ചാട്ടവുമായി ബന്ധപ്പെട്ട വിനോദ സഞ്ചാര പദ്ധതിയിൽ പ്രതീക്ഷയർപ്പിച്ച് നാട്ടുകാർ. 27.40 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. എൽ ഡി എഫ് സർക്കാർ ആവിഷ്കരിച്ച പഴയരിക്കണ്ടം ടൂറിസം പദ്ധതിക്ക് 2024 നവംബർ 7-നാണ് ഭരണാനുമതി ലഭിച്ചത്. എന്നാൽ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ കാലതാമസം മൂലം സാങ്കേതിക അനുമതി ലഭിക്കാൻ പിന്നെയും കാലതാമസമുണ്ടായി. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് പദ്ധതിക്ക് സാങ്കേതിക അനുമതി ലഭിച്ചത്. ജലസേചന വകുപ്പ് നബാർഡിന്റെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനിച്ചത്. ചെക്ക് ഡാമുകൾ നിർമിച്ച് അവിടെനിന്ന് ജലം പമ്പ് ചെയ്ത് സമീപപ്രദേശങ്ങളിലെ കാർഷിക മേഖലകളിലേക്ക് എത്തിക്കുക എന്നരീതിയിലായിരുന്നു പദ്ധതി ആവിഷ്കരിച്ചത്. പ്രദേശത്തെ കുടിവെള്ളക്ഷാമത്തിനും ഇതോടെ പരിഹാരമാകുമെന്നായിരുന്നു പ്രതീക്ഷ.ഏഴ് ചെക്ക് ഡാമുകൾ, ഒരു പാലം, വെള്ളച്ചാട്ടത്തിന്റെ വശങ്ങളിലൂടെ സ്റ്റെപ്പുകൾ, താഴ്ഭാഗത്ത് തടാകം, കുട്ടവഞ്ചി ഉൾപ്പെടെയുള്ള ടൂറിസം സൗകര്യങ്ങൾ, പഴയരിക്കണ്ടം ടൗണിലേക്ക് ലിങ്ക് റോഡ് എന്നിവ ഉൾപ്പെട്ടതാണ് പഴയരിക്കണ്ടം ടൂറിസം പദ്ധതി. പദ്ധതി യാഥാർഥ്യമാക്കാൻ ജനപ്രതിനിധികളുടെയും ഡിടിപിസിയുടെയും ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?