സിപിഐ എം ഹർത്താൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ : ബിജെപി
സിപിഐ എം ഹർത്താൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ : ബിജെപി
ഇടുക്കി: മുഖം നഷ്ടപ്പെട്ട സിപിഐ എം തങ്ങളുടെ ജാള്യത മറയ്ക്കാനും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുമാണ് 16ന് ജില്ലയിൽ ഹർത്താൽ നടത്തുന്നതെന്ന് ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി. കഴിഞ്ഞ പത്തുവർഷക്കാലം ഭരിച്ചിട്ടും ജില്ലയിലെ ഒരു പ്രശ്നത്തിനും പരിഹാരം കാണാൻ കഴിയാത്തവർ ഇപ്പോൾ ഹർത്താൽ നടത്തി ജനങ്ങളെ പരിഹസിക്കുകയാണ്. ഇഎസ്എ വിഷയത്തിൽ ആറ് കരട് വിജ്ഞാപനങ്ങൾ ഇറങ്ങിയപ്പോഴും ഒന്നും ചെയ്യാത്ത സർക്കാരാണ് എൽഡിഎഫ്. ജില്ലയിലെ ജനസംഖ്യ, സ്കൂളുകൾ, ആരാധനാലയങ്ങൾ, വ്യാപാര-സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ നൽകാൻ സർക്കാരിന് സാധിച്ചില്ല. റവന്യു,വനം വകുപ്പുകളും സർക്കാർ ഏജൻസികളും അഡ്വക്കേറ്റ് ജനറലും നൽകിയ കണക്കുകൾ പരസ്പരവിരുദ്ധമാണ്. വന്യജീവി ആക്രമണം, ഭൂ-പട്ടയ വിഷയങ്ങൾ, ഷോപ്പ് സൈറ്റ് പട്ടയം, ജില്ലയിലെ നിർമാണ നിരോധനം, തകർന്നടിഞ്ഞ ആരോഗ്യമേഖല എന്നിവയിൽ ഒന്നും ചെയ്തില്ല. പ്രഖ്യാപിച്ച 12000 കോടിയുടെ പാക്കേജ് വെറും കബളിപ്പിക്കലായിരുന്നു. ഈ ഹർത്താൽ ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്നും സാധാരണ ജീവിതം തടസപ്പെടുത്താൻ മാത്രമേ ഇത് ഉപകരിക്കുവെന്നും നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വർഗീസ്, ജനറൽ സെക്രട്ടറിമാരായ കെ കുമാർ, രതീഷ് വരകുമല, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് പി എൻ പ്രസാദ് എന്നിവർ പങ്കെടുത്തു.
What's Your Reaction?