ചിന്നക്കനാലിലെ ഭൂപ്രശ്നം: കർഷക സംഘടനാ പ്രതിനിധികൾ സന്ദർശനം നടത്തി
ചിന്നക്കനാലിലെ ഭൂപ്രശ്നം: കർഷക സംഘടനാ പ്രതിനിധികൾ സന്ദർശനം നടത്തി
ഇടുക്കി: വനംവകുപ്പും ജനങ്ങളും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്ന ചിന്നക്കനാൽ മേഖലയിൽ വിവിധ കർഷക സംഘടനകളുടെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും പ്രതിനിധി സംഘം സന്ദർശനം നടത്തി. കർഷകരുമായി കൂടിക്കാഴ്ച നടത്തി വിശദമായ റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുന്നതിനും വനം-റവന്യൂ മന്ത്രിമാരെ ജില്ലയിലെത്തിച്ച് പ്രശ്നപരിഹാരം കാണുന്നതിനുമാണ് സംഘമെത്തിയത്. കലക്ടറുടെ വിവാദ ഉത്തരവും തുടർന്നുള്ള വനംവകുപ്പിന്റെ ഇടപെടലുകളും ചിന്നക്കനാൽ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വസ്തുതകൾ നേരിട്ടറിയാനാണ് നേതാക്കൾ മേഖലയിലെത്തിയത്. ബിഎൽ റാം, സിങ്കുകണ്ടം, പന്തടിക്കളം, 301 ഉന്നതി, സൂര്യനെല്ലി എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തി. കർഷകർ തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ നേതാക്കളോട് വിശദീകരിച്ചു.
301 ഉന്നതിയിൽയിലെത്തിയ സംഘത്തോട് തങ്ങളെ കുടിയൊഴിപ്പിക്കാൻ നീക്കം നടക്കുന്നതായും ഒരു കാരണവശാലും ഒഴിഞ്ഞുപോകില്ലെന്നും ആദിവാസി കുടുംബങ്ങൾ വ്യക്തമാക്കി. തുടർന്ന് ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫീസറുമായും മറ്റ് ഉദ്യോഗസ്ഥരുമായും സംഘം ചർച്ച നടത്തി. ജനങ്ങൾക്ക് ദോഷകരമാകുന്ന നടപടികൾ ഉണ്ടാകില്ലെന്നും ജനങ്ങളെ ഒപ്പം നിർത്തി വന്യജീവി പ്രതിരോധം നടപ്പാക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ ഉദ്യോഗസ്ഥരുടെ വിശദീകരണം പൂർണമായും വിശ്വാസത്തിലെടുക്കുന്നില്ലെന്നും കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങൾ സർക്കാരിനെ ബോധ്യപ്പെടുത്തുമെന്നും നേതാക്കൾ പറഞ്ഞു.nറസാഖ് ചൂരവേലിൽ, പി എം ബേബി, കെ വി ബിജു, ജയിംസ് വടക്കൻ, ജോയി കണ്ണഞ്ചിറ, വി എസ് ബിജു, പട്ടികവർഗ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി സാറാമ്മ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
What's Your Reaction?