ബോയ്‌സ് എസ്റ്റേറ്റ് മൈതാനം ശബരിമല ഇടത്താവളമാക്കരുത്: പെരുവന്താനം ഹൈറേഞ്ച് സ്പോര്‍ട്സ് അക്കാദമി
ബോയ്‌സ് എസ്റ്റേറ്റ് മൈതാനം ശബരിമല ഇടത്താവളമാക്കരുത്: പെരുവന്താനം ഹൈറേഞ്ച് സ്പോര്‍ട്സ് അക്കാദമി
ഇടുക്കി: പെരുവന്താനം ഹൈറേഞ്ച് സ്പോര്‍ട്സ് അക്കാദമിയുടെ കീഴിലുള്ള ബോയ്‌സ് എസ്റ്റേറ്റ് മൈതാനം ശബരിമല ഇടത്താവളമാകുന്നതിനെതിരെ താരങ്ങളും ഭരണസമിതിയും. അക്കാദമിയിലെ വിദ്യാര്‍ഥികള്‍ രാവിലെയും വൈകിട്ടും യൂണിവേഴ്സിറ്റി, ഇന്റര്‍ വാഴ്‌സിറ്റി മത്സരങ്ങള്‍ക്കായി തീവ്രപരിശീലനത്തിലാണ്. ജില്ലാ പഞ്ചായത്ത് 60 ലക്ഷം മുടക്കി മൈതാനം നവീകരിക്കുകയും ആളുകളുടെ സഹായത്തോടെ ലോങ്ജമ്പ് പിറ്റ് നിര്‍മിക്കുകയും ചെയ്തിരുന്നു. ഇടത്താവളമാക്കിയാല്‍ താരങ്ങള്‍ക്ക് പരിശീലിക്കാന്‍ മറ്റൊരിടമില്ല. ഇതിനുപകരം തിലകന്‍ സ്മാരക പാര്‍ക്കിനുസമീപം തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അഞ്ചാംക്ലാസ് മുതല്‍ ബിരുദതലം വരെയുള്ളവര്‍ വിദ്യാര്‍ഥികള്‍ ഇവിടെ പരിശീലനത്തിനായി എത്തുന്നുണ്ട്. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിന്റെ നടത്തിപ്പവകാശം ജില്ലാ പഞ്ചായത്തിനാണ്. ഹൈറേഞ്ച് സ്പോര്‍ട്സ് അക്കാദമിയുടെ ഭാഗമായി 6 പഞ്ചായത്തുകളില്‍നിന്ന് നൂറിലേറെ താരങ്ങള്‍ ഇവിടെ പരിശീലിക്കുന്നുണ്ട്. 200 മീറ്റര്‍ മഡ് ട്രാക്ക്, ലോങ്ജംപ്, ഹൈജംപ് പിറ്റുകള്‍, ഷോട്ട്പുട് സര്‍ക്കിള്‍ തുടങ്ങിയവ ഇവിടെയുണ്ട്. മേഖലയിലെ കായികവികസനത്തിനുള്ള പ്രധാന ഹബ്ബാണ് സ്റ്റേഡിയമെന്ന് പരിശീലകര്‍ പറയുന്നു. ജില്ലയില്‍ പിന്നെ ഇത്തരമൊരു സംവിധാനമുള്ളത് 80 കിലോമീറ്റര്‍ അകലെയുള്ള നെടുങ്കണ്ടത്താണ്. സംസ്ഥാന കായിക മേളയില്‍ അക്കാദമിയിലെ താരങ്ങള്‍ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും നാല് വെങ്കലവും അടക്കം 8 മെഡലുകള്‍ നേടിയിരുന്നു. ദേശീയ മത്സരങ്ങള്‍ക്കുള്ള തയാറെടുപ്പിലാണ് ഈ താരങ്ങള്‍. രണ്ടുമാസത്തേക്ക് മൈതാനം വിട്ടുനല്‍കിയാല്‍ പരിശീലനം മുടങ്ങുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സന്തോഷ് ജോര്‍ജ്, പി വി സനീഷ്, പി എ അയൂബ് ഖാന്‍, സി വി ബിനു, ദേശീയ താരങ്ങളായ കെ എസ് കേദാര്‍നാഥ്, അഭിയ ആന്‍ ജിജി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?