ഇടുക്കി മെഡിക്കല്‍ കോളേജിന് അനുവദിച്ച 108 ഐസിയു ആംബുലന്‍സ് അടിമാലിയിലേക്ക് മാറ്റി
ഇടുക്കി മെഡിക്കല്‍ കോളേജിന് അനുവദിച്ച 108 ഐസിയു ആംബുലന്‍സ് അടിമാലിയിലേക്ക് മാറ്റി
ഇടുക്കി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം ഇടുക്കി മെഡിക്കല്‍ കോളേജിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന 108 ഐസിയു ആംബുലന്‍സ് അവസാന നിമിഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതില്‍ പ്രതിഷേധം ശക്തം. നിലവില്‍ ഐസിയു ആംബുലന്‍സ് സൗകര്യമുള്ള അടിമാലിയിലേക്ക് വീണ്ടും പുതിയ വാഹനം നല്‍കിയപ്പോള്‍ മെഡിക്കല്‍ കോളേജിന് വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സ് പോലുമില്ല. കാത്ത് ലാബ് ഉള്‍പ്പെടെയുള്ള അത്യാധുനിക ചികിത്സാ സൗകര്യങ്ങളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഇത്തരം നിര്‍ണായക ഘട്ടങ്ങളില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്കോ മറ്റ് വിദഗ്ധ ആശുപത്രികളിലേക്കോ മാറ്റാന്‍ ഒരു ഐസിയു ആംബുലന്‍സ് അത്യന്താപേക്ഷിതമാണ്. എന്നാല്‍ നിലവില്‍ കട്ടപ്പനയില്‍നിന്നോ മറ്റ് വിദൂര സ്ഥലങ്ങളില്‍നിന്നോ ആംബുലന്‍സ് എത്താന്‍ മണിക്കൂറുകളെടുക്കും. ഇത് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മെഡിക്കല്‍ കോളേജിലുണ്ടായിരുന്ന ഐസിയു ആംബുലന്‍സ് തൊടുപുഴയ്ക്ക് സമീപം അപകടത്തില്‍പ്പെട്ട് പൂര്‍ണമായും തകര്‍ന്നിരുന്നു. തകര്‍ന്ന വാഹനത്തിലെ ലക്ഷങ്ങള്‍ വിലമതിക്കുന്ന വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പുതിയ വാഹനത്തിലേക്ക് മാറ്റി ഉടന്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് അധികൃതര്‍ അന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇത് പാലിക്കപ്പെടുന്നില്ല. കെഎംഎസ്‌സിഎല്‍ വഴി ലഭ്യമാക്കിയ പുതിയ 108 അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സ് മെഡിക്കല്‍ കോളേജിന് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ വാഹനം ആദ്യം ചിത്തിരപുരത്തേക്കും, പിന്നീട് കലക്ടറുടെ നേതൃത്വത്തിലുള്ള യോഗത്തിലെ തീരുമാനപ്രകാരം അടിമാലി താലൂക്ക് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. അടിമാലിയില്‍ നിലവില്‍ തന്നെ ഒരു ഐസിയു ആംബുലന്‍സ് പ്രവര്‍ത്തിക്കുന്നുണ്ട് എന്നിരിക്കെയാണ് ഈ അട്ടിമറി. പഴയ ആംബുലന്‍സിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാതെ ഉന്നതതല രാഷ്ട്രീയ ഇടപെടലിലൂടെ പുതിയ വാഹനം മാറ്റിയതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. വര്‍ഷങ്ങളായി കട്ടപ്പുറത്തായ പഴയ ആംബുലന്‍സ് എന്ന് നിരത്തിലിറങ്ങുമെന്ന് ആര്‍ക്കും നിശ്ചയമില്ല. അത്യാഹിത വിഭാഗത്തില്‍ എത്തുന്ന പാവപ്പെട്ട രോഗികളുടെ ജീവന്‍ പന്താടുന്ന ജനവിരുദ്ധ തീരുമാനം അടിയന്തരമായി തിരുത്തണമെന്നും, പുതിയ 108 ഐസിയു ആംബുലന്‍സ് ഉടന്‍ ഇടുക്കി മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?