ശാന്തന്‍പാറയിലെ വീട്ടമ്മയുടെ കൊലപാതകം: അതിഥി തൊഴിലാളിയെ തേടി അന്വേഷണ സംഘം പശ്ചിമബംഗാളിലേക്ക് തിരിച്ചു
ശാന്തന്‍പാറയിലെ വീട്ടമ്മയുടെ കൊലപാതകം: അതിഥി തൊഴിലാളിയെ തേടി അന്വേഷണ സംഘം പശ്ചിമബംഗാളിലേക്ക് തിരിച്ചു
ഇടുക്കി: ശാന്തന്‍പാറ ചേരിയാറില്‍ വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന അതിഥി തൊഴിലാളിയെ തേടി അന്വേഷണ സംഘം പശ്ചിമബംഗാളിലേക്ക് തിരിച്ചു. ചേരിയാര്‍ സ്വദേശിനി റാണി കൊല്ലപ്പെട്ട സംഭവത്തിലാണ് ഇവരുടെ വീടിന് സമീപത്ത് താമസിച്ചിരുന്ന പശ്ചിമബംഗാള്‍ സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റാണിയുടെ മൃതദേഹം വീടിന് സമീപത്ത് കണ്ടെത്തിയത്. ഞായറാഴ്ച റാണി കൊല്ലപ്പെട്ടുവെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകത്തിനുശേഷം അന്ന് രാത്രി പൂപ്പാറയിലെത്തിയ പ്രതിയെന്ന് സംശയിക്കുന്നയാളുടെ മൊബൈല്‍ സ്വിച്ച് ഓഫ് ആയി. പൊലീസിന്റെ അന്വേഷണത്തില്‍ ഇയാള്‍ തിങ്കളാഴ്ച്ച രാവിലെ എട്ടരയോടെ ആലുവ റെയില്‍വേ സ്റ്റേഷനിലെത്തിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെയുള്ള എടിഎം കൗണ്ടറില്‍നിന്ന് ഇയാള്‍ 3 തവണയായി 2000 രൂപ വീതം പിന്‍വലിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. തുടര്‍ന്ന് 570 രൂപയുടെ ടിക്കറ്റെടുത്തു ഇയാള്‍ 10.40ന് ഛത്തീസ്ഗഡിലേക്ക് പുറപ്പെടുന്ന കോര്‍ബ് എക്‌സ്പ്രസില്‍ കയറി പോയി. ഛത്തീസ്ഗഡിലെ കോര്‍ബ് സ്റ്റേഷന്‍ വരെയാണ് ഈ ട്രെയിന്‍ പോകുന്നത്. ഇതിനിടയില്‍ മറ്റേതെങ്കിലും സ്റ്റേഷനില്‍ ഇയാള്‍ ഇറങ്ങി പോകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയെ അന്വേഷിച്ച് ശാന്തന്‍പാറ എസ്‌ഐ കെ പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പശ്ചിമബംഗാളിലേക്ക് തിരിച്ചത്.
What's Your Reaction?