ചിന്നക്കനാല്‍ പഞ്ചായത്ത് സിഡിഎസില്‍ 50 ലക്ഷത്തിന്റെ തട്ടിപ്പെന്ന് പരാതി: ആരോപണ നിഴലില്‍ മുന്‍ ചെയര്‍പേഴ്‌സണ്‍മാര്‍: പൊലീസും വിജിലന്‍സും അന്വേഷണം തുടങ്ങി

ചിന്നക്കനാല്‍ പഞ്ചായത്ത് സിഡിഎസില്‍ 50 ലക്ഷത്തിന്റെ തട്ടിപ്പെന്ന് പരാതി: ആരോപണ നിഴലില്‍ മുന്‍ ചെയര്‍പേഴ്‌സണ്‍മാര്‍: പൊലീസും വിജിലന്‍സും അന്വേഷണം തുടങ്ങി

Nov 14, 2026 - 14:54
 0
ചിന്നക്കനാല്‍ പഞ്ചായത്ത് സിഡിഎസില്‍ 50 ലക്ഷത്തിന്റെ തട്ടിപ്പെന്ന് പരാതി: ആരോപണ നിഴലില്‍ മുന്‍ ചെയര്‍പേഴ്‌സണ്‍മാര്‍: പൊലീസും വിജിലന്‍സും അന്വേഷണം തുടങ്ങി
This is the title of the web page

ഇടുക്കി: ചിന്നക്കനാല്‍ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസില്‍ 50 ലക്ഷത്തിന്റെ സാമ്പത്തിക തട്ടിപ്പ് നടന്നതായി പരാതി. മുന്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ മേനക, സെല്‍വി, അക്കൗണ്ടന്റ് ശ്യാമ എന്നിവര്‍ക്കെതിരെ നിലവിലെ ചെയര്‍പേഴ്‌സന്‍ ശാന്തന്‍പാറ പൊലീസിലും കുടുംബശ്രീ ജില്ലാ മിഷനും പരാതി നല്‍കി. പഞ്ചായത്ത് തലത്തില്‍ വിജിലന്‍സും പരിശോധന തുടങ്ങി. ആശ്രയ, പിന്നോക്ക വികസന കോര്‍പ്പറേഷന്‍ വായ്പ, വാഹന വായ്പ തുടങ്ങിയ വിവിധ പദ്ധതികളുടെ മറവിലാണ് തട്ടിപ്പ് നടന്നത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ അറിയാതെ അവരുടെ പേരില്‍ വായ്പയെടുത്തതായും പരാതിയുണ്ട്. വായ്പത്തുക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പിന്നോക്ക വികസന കോര്‍പ്പറേഷനില്‍നിന്ന് പുതിയ ഭരണസമിതിക്ക് കത്ത് ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. വായ്പ തിരിച്ചടയ്ക്കാന്‍ കുടുംബശ്രീ യൂണിറ്റുകളോട് പുതിയ ഭരണസമിതി ആവശ്യപ്പെട്ടതോടെ അംഗങ്ങളും പ്രതിഷേധവുമായി എത്തി. വായ്പയായി അനുവദിച്ച തുക കോര്‍പ്പറേഷനില്‍ തിരിച്ചടയ്ക്കാതെ മുന്‍ ഭരണസമിതി തട്ടിയെടുത്തതായാണ് പരാതി. തുക ലഭ്യമാക്കിയതിന് കുടുംബശ്രീ യൂണിറ്റുകളില്‍നിന്ന് മുന്‍ ഭരണസമിതി പാരിതോഷികമായി പണം കൈപ്പറ്റിയതായും പരാതിയുണ്ട്.
ആശ്രയ പദ്ധതിയിലും ഗുരുതര ക്രമക്കേട് നടന്നതായാണ് കണ്ടെത്തല്‍. കിറ്റുകള്‍ വിതരണം ചെയ്യുന്നതിനായി സപ്ലൈകോയില്‍നിന്ന് സാധനങ്ങള്‍ വാങ്ങണമെന്ന വ്യവസ്ഥ നിലനില്‍ക്കെ സൂര്യനെല്ലിയിലെ സ്വകാര്യ സ്ഥാപനത്തില്‍നിന്ന് ഭക്ഷ്യവസ്തുക്കള്‍ വാങ്ങിയതായി രേഖകളുണ്ടാക്കി പണം പിന്‍വലിച്ചതായും പരാതിയില്‍ പറയുന്നു. എന്നാല്‍, ഈ കാലയളവില്‍ ആശ്രയ കിറ്റുകളുടെ വിതരണം നടന്നിട്ടില്ലെന്നും പുതിയ ഭരണസമിതിയുടെ പരിശോധനയില്‍ കണ്ടെത്തി. സിഡിഎസിന് വാഹനം വാങ്ങാനായും തുക മാറിയിട്ടുണ്ട്. എന്നാല്‍ സിഡിഎസിന്റെ പേരില്‍ വാഹനമൊന്നും രജിസ്റ്ററായിട്ടില്ല. കൂടാതെ, മെമ്പര്‍ സെക്രട്ടറിമാരുടെ വ്യാജ ഒപ്പുകള്‍ ഉപയോഗിച്ച് ചെക്കുകള്‍ മാറിയെടുത്തതായും പരാതിയുണ്ട്. കുറ്റക്കാര്‍ക്കെതിരെ കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നു. ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കരാര്‍ പുതുക്കി നല്‍കാതെ അക്കൗണ്ടന്റിനെ ജോലിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow