കുമളിയില്‍ ഓട തുറന്നിട്ട് നാലുമാസം: സ്ലാബുകള്‍ പുനസ്ഥാപിക്കാന്‍ നടപടിയില്ല
കുമളിയില്‍ ഓട തുറന്നിട്ട് നാലുമാസം: സ്ലാബുകള്‍ പുനസ്ഥാപിക്കാന്‍ നടപടിയില്ല
ഇടുക്കി: കുമളിയില്‍ മാലിന്യം നീക്കാനായി ഓടയുടെ സ്ലാബുകള്‍ നീക്കിയിട്ട് നാലുമാസം. അസഹ്യമായ ദുര്‍ഗന്ധത്താല്‍ യാത്രക്കാരും വ്യാപാരികളും ബുദ്ധിമുട്ടുമ്പോഴും നീക്കിയ സ്ലാബുകള്‍ പുനസ്ഥാപിക്കാന്‍ നടപടിയില്ല. പഞ്ചായത്തും ദേശീയപാത അതോറിറ്റിയും തമ്മിലുള്ള തര്‍ക്കമാണ് സ്ലാബുകള്‍ പുനസ്ഥാപിക്കാന്‍ വൈകുന്നതെന്നാണ് ആക്ഷേപം. വണ്ടന്‍മേട് ജങ്ഷനിലെ ഓടയുടെ മുകളിലെ സ്ലാബുകളാണ് മാസങ്ങള്‍ക്ക് മുമ്പ് നീക്കിയത്. കനത്തമഴയില്‍ ടൗണില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ മാലിന്യം നീക്കി ഓട വൃത്തിയാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്ലാബ് മാറ്റിയതല്ലാതെ ശുചീകരിച്ചില്ല. സമീപത്തെ ഭക്ഷണശാലകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള മലിനജലം ഈ ഓടയിലേക്കാണ് ഒഴുക്കുന്നത്. ടൗണിലെത്തുന്ന വിനോദസഞ്ചാരികളും യാത്രക്കാരും ദുര്‍ഗന്ധത്താല്‍ ബുദ്ധിമുട്ടുന്നു. പഞ്ചായത്തിനും ദേശീയപാത അതോറിറ്റിക്കും പരാതി നല്‍കിയിട്ടും ഫലമില്ലെന്ന് ഓട്ടോറിക്ഷ തൊഴിലാളികള്‍ പറയുന്നു. സ്ലാബ് എടുത്തുമാറ്റിയ ഭാഗത്ത് കമ്പുകള്‍ കെട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണ്ഡലകാലത്ത് ടൗണില്‍ തിരക്കേറുന്നതോടെ ഇവിടെ അപകടസാധ്യത മേഖലയായി മാറും. ഓടയുടെ പുനര്‍നിര്‍മാണം ദേശീയപാത അതോറിറ്റിയുടെ ചുമതലയാണെന്ന് കുമളി പഞ്ചായത്ത് പറയുന്നു. സ്ലാബുകള്‍ പിഡബ്ല്യുഡി പുനസ്ഥാപിച്ചില്ലെങ്കില്‍ പഞ്ചായത്ത് ഏറ്റെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു.
What's Your Reaction?