കട്ടപ്പനയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനുനേരെ കൈയേറ്റ ശ്രമം: നാല് ഓട്ടോറിക്ഷ തൊഴിലാളികൾ കസ്റ്റഡിയിൽ
കട്ടപ്പനയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനുനേരെ കൈയേറ്റ ശ്രമം: നാല് ഓട്ടോറിക്ഷ തൊഴിലാളികൾ കസ്റ്റഡിയിൽ
ഇടുക്കി : കട്ടപ്പനയില്‍ നിയമലംഘനത്തിന് പിഴ ഈടാക്കിയതിലുള്ള വൈരാഗ്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേരെ കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടോ ഡ്രൈവര്‍ ശരത് സണ്ണി, വാഹന ഉടമ ബിബിന്‍, ഷാനവാസ്, സനു എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ഓടെ പുതിയ ബസ് സ്റ്റാന്‍ഡിലാണ് സംഭവം. ഇടുക്കി ആര്‍ടിഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍ പിള്ളയ്ക്ക് നേരെയാണ് കൈയേറ്റ ശ്രമമുണ്ടായത്. നിയമലംഘനം നടത്തിയതിന് ശരത് സണ്ണി ഓടിച്ചിരുന്ന ഓട്ടോറിക്ഷയ്ക്ക് ഉദ്യോഗസ്ഥന്‍ പിഴ ചുമത്തിയിരുന്നു. ഇതിന്റെ പ്രകോപനത്തില്‍ ഇയാള്‍ ഫോണില്‍ വിളിച്ച് സുഹൃത്തുക്കളെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന്, മറ്റ് വാഹനങ്ങള്‍ പരിശോധിച്ചുകൊണ്ടിരുന്ന വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ എട്ടോളം പേരടങ്ങുന്ന സംഘം വളയുകയും ജോലി തടസപ്പെടുത്തി കൈയേറ്റം ചെയ്യുകയുമായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
What's Your Reaction?